Chekka Chivantha Vaanam (2018)

തമിഴ്നാട്ടിലെ ഏറ്റവും കൊലകൊമ്പനായൊരു പ്രായം വന്ന ഡോണ്‍ -സേനാപതി, അദ്ദേഹത്തെ മൂന്നു മക്കളായ വരതരാജൻ (വരതൻ), ത്യാഗരാജൻ (ത്യാഗു), എതിരാജ് (എത്തി). വരതൻ അച്ഛന്രെ വലം കയ്യായി നാട്ടിൽ തന്നയാണ് താമസം, ത്യാഗു ദുബൈയിൽ പല ബിസിനസ്സുമായി കഴിയുന്നു, അവസാനത്തെ മകൻ എത്തി സെർബിയയിൽ ആയുധങ്ങളുടേയും ഡ്രഗ്സുകളുടേയും കച്ചവടവുമായ് മുന്നോട്ട് പോകുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ത്യാഗുവിനേയും എത്തിയേയും നാട്ടിലേക്ക് വിളിച്ചു വരുത്തുകയും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ട്രൈലറിൽ കാണിച്ചത് പോലെ തന്നെ അടുത്ത സേനാപതി ആര് എന്ന ചോദ്യവുമായി തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്.

Movie: Chekka Chivantha Vaanam (2018)
Direction: Mani Ratnam
Cast: Aravind Swami.Silambarasan, Vijay Sethupathi, Arun Vijay, Jyothika, Aditi Rao Hydari, Aishwarya Rajesh, Dayana Erappa, Prakash Raj, Jayasudha, Thiagarajan
Language: Tamil

കണ്ടു പഴകിയ കഥ തന്നെയാണ് ചെക്ക ചികന്ത വാനവും, നിറങ്ങളേകിയും സംഗീതം കൊണ്ടും ഇഷ്ടതാരങ്ങളാലും പ്രേക്ഷന് സംതൃപ്തി നൽകാനാണ് മണിരത്നം ശ്രമിച്ചതെന്ന് തോനുന്നു. മണിരത്നത്തിന്രെ അരുമ ശിഷ്യൻ ബിജോയ് നമ്പ്യാർ സംവിധാനം നിർവ്വഹിച്ച സോളോയിലെ വേൾഡ് ഓഫ് ശിവയുടെ കാരട്റ്രൈസേഷൻ സ്ട്രക്ചറും മൂഡുമാണ് ചെക്കതികന്തവാനവും നൽകുന്നത്, ഓരോ കാരക്ടറുകൾക്കും അളന്നു മുറിച്ചുള്ള കാരക്ടർ പ്ലാൻ മണിരത്നത്തിന് ഉണ്ടായിരുനെന്ന് നമുക്ക് സ്ക്രീനിൽ കാണാൻ സാധിക്കും.

സേനാപതി (പ്രകാശ് രാജ്), വരതൻ (അരവിന്ദ് സാമി), ത്യാഗു (അരുണ്‍ വിജയ്), എത്തി (സിലമ്പരസൻ) എന്നി വർക്കു പുറമെ ഉഴപ്പൻ പോലീസ് ഓഫീസറും വരതന്രെ സ്കൂൾ സുഹൃത്തുമായ റസൂൽ (വിജയ് സേതുപതി), വരതന്രെ ഭാര്യ ചിത്ര (ജ്യോതിക), ത്യാഗുവിന്രെ ഭാര്യ രേണു (ഐശ്വര്യ രാജേഷ്), എത്തിയുടെ പ്രണയിനി ഛായ (ഡയാന എരപ്പ), സേനാപതിയുടെ ഭാര്യയും വരതൻ, ത്യാഗു, എത്തി എന്നിവരുടെ അമ്മയുമായ ലക്ഷ്മി (ജയസുധ) എന്നിവരെല്ലാം നല്ല പർഫോമൻസ് തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. മൾടി സ്റ്റാർ കാസ്റ്റ് ആയത് കൊണ്ട് തന്നെ പലപ്പോഴും പലരേയും വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലേ എന്ന ഒരു സംശയം മനസ്സ് ചോദിച്ചെന്നു വരാം. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് അരുണ്‍ വിജയ് നെ ആണ്. “അവർക്ക് രണ്ട് മുഖമിരികക്ക, ഒണ്ട് പാസമായിരിപ്പാർ, നല്ല ഗവനിപ്പാർ, അന അതിക്ക് പിന്നാലെ വേരെയൊരു മുഖം…”
മുമ്പ് ഫഹദിനെ കാസ്റ്റ് ചെയ്തു എന്നൊരു ന്യൂസ് വന്നിരുന്നു. സിനിമ കഴിഞ്ഞപ്പൊൾ ട്രൈലിറിലെ 0:48 ൽ കാണിക്കുന്ന ഗെയ്റ്റ് തുറന്നു വരുന്ന തുടർ സീനുകളെ ആലോചിച്ചപ്പോൾ ആദ്യം ഓർമ്മ വന്നതു കുണ്ടിക്ക് തീ പിടച്ചത് പോലെ ഓടുന്ന വണ് ബൈ ടുവിലെ ഫഹദിനെയാണ്. നല്ല ഉയരവും തടിയും ശരീരവുമുള്ള അരുണ് വിജയ്ക്ക് കിട്ടുന്ന സ്ക്രീൻ പ്രസൻസ് ആ സീനുകളിൽ ഫഹദിന് ഒരിക്കലും നൽകാൻ സാധിക്കുമായിരുന്നില്ല.

നാട്ടിലുള്ളവർക്ക് സന്തോഷ് ശിവന്രെ മനോഹരമായ വിശ്വലുകൾക്കും എആറിന്രെ സംഗീതത്തിനും ഇഷ്ടനടന്മാരുടെ നാട്യത്തിനും വേണ്ടി ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു മാസ്സ് എന്രർടൈനർ തന്നെയാണ് ചെക്കചികന്തവാനം.
32-43 യുഎഇ ദിർഹംസ് ഒക്കെ കൊടുത്തു കാണുന്നവര്‍ക്ക് എന്തിനാണ് ഞാനിതിന് കേറിയത് എന്ന ചിന്തകൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

ഓരോ ആളുകളുടേയും ചിന്തകളും ആസ്വാദന രീതികളും പലതരം ആയത് കൊണ്ട് തന്നെ Please do watch in theaters.
©Kalpakam

Raazi (2018)

കൃസ്തു വർഷം 1971, കിഴക്കൻ പാകിസ്താനും പടിഞ്ഞാറൻ പാകിസ്താനുമായ് നിൽക്കുന്ന കാലം. തന്രെ പിതാവിന് ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്‍മാറേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്രെ സ്ഥാനത്ത് ഇന്ത്യൻ ചാരയായ് പാകിസ്താനി ആർമി ഓഫീസറെ കല്ല്യാണം കഴിച്ചു അവിടേക്ക് താമസം മാറുന്ന ഒരു കോളേജ് വിദ്യാർത്ഥിനിയായ സഹ്മത്ത് എന്ന പെണ്‍കുട്ടിയുടെ കഥയാണ് റാസി പറയുന്നത്.

Raazi (2018)
Genres: Spy-Drama-Thriller
Country: India
Language: Hindi
Running Time: 2h 20m
Director: Meghna Gulzar
Based on the book ‘Calling Sehmat’ by Harinder S. Sikka
Starring: Alia Bhatt, Vicky Kaushal, Rajit Kapoor, Shishir Sharma, Ashwath Bhatt & others

ഹരീന്ദർ സിക്കയുടെ ‘കാളിംഗ് സെഹ്മത്’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആഖ്യായിക മാറ്റവ്യവഹാരത്തോടെ നാടകീകരിച്ചു രൂപാന്തരം പ്രാപിച്ച ചലച്ചിത്രമാണ് റാസി.

ഒരേ സമയം ഒരു ഭാര്യയുടെ സ്നേഹവും കരുതലും മറ്റൊരു വശം ഇന്ത്യൻ ചാരയയുമായി തന്മയത്തതോടെ സെഹ്മത് എന്ന കഥാപാത്രത്തെ സ്ക്രീനിൽ എത്തിക്കുന്നതിൽ ആലിയ ബട്ട് വിജയച്ചിട്ടുണ്ട്. സെഹ്മത്തിന്രെ ഭർത്താവും പാകിസ്താൻ ആർമി ഓഫീസറുമായ ഇഖ്ബാലിനെ വിക്കി കൗശൽ വളരെ നല്ലരീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. റാസി എന്ന സിനിമയും കണ്ടതോടെ അദ്ദേഹത്തോടുള്ള ഇഷ്ടം കൂടി കൂടി വന്നിട്ടു്ണ്ടെന്ന് തോനുന്നു. റാജ്കുമാര്‍ റാവു നിരയിലേക്ക് കാലുകള്‍ വെച്ചു കയറുന്ന അടുത്ത ഉത്തമ അഭിനേതാവിന്റെ കണ്ണിയില്‍ വിക്കി കൗശലിന്റെയും പേര് വയ്കാതെ ചേര്‍ക്കപെടും എന്ന് കരുതുന്നു.

തൽവാറിനു ശേഷമുള്ള തന്രെ ചിത്രം മേഖ്ന ഗുൽസാർ എന്ന സംവിധായിക റാസിയായ് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നതിൽ വിജയിച്ചിട്ടുണ്ട്. ഒരു സ്പൈ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് സ്ഥിരം സിനിമാ രൂപകൽപനകളിൽ നിന്നും വിഭിന്നമായ് പാകിസ്താനി പട്ടാളക്കാരേയും മജ്ജയും മാംസവുമുള്ള സ്നേഹവും സന്തോഷവും ദുഖവുമെല്ലാം ഉള്‍കൊള്ളുന്ന, ചിരിക്കുകയും പൊട്ടിക്കരുകയുമൊക്കെ ചെയ്യുന്ന മനുഷ്യരായ് കാണിച്ചു എന്നുള്ളതാണ്.

To the brave hearts who are anomymous in history of our nation. Like Sehmet, they remain unnamed and unknown…

ബംഗ്ലാദേശ് വിമോചനയുദ്ധം പോലെ ഒരോ യുദ്ധങ്ങളിലും വിജയങ്ങളിലും സെഹ്മതിനെ പോലെ വാഴ്ത്തപ്പെടാത്ത, പേരു പോലും സുപരിചിതമല്ലാത്ത, ഒരു പക്ഷെ സ്വന്തമായ് ഒരു പേരു പോലുമില്ലാത്ത, അനേകം മനുഷ്യരുടെ ജീവന്‍ മരണ പോരാട്ടങ്ങളുണ്ടെന്ന് സിനിമ പറഞ്ഞു വെക്കുന്നുണ്ട്.
©Kalpakam

Boomerang (2018)

Boomerang (2018)

Language : Bengali
Duration : 75 Minutes
Direction : Sudipta Majumdar
Cast : Sujan Mukherjee, KanchanMullick, Paran Bandopadhyay & Anindita Bose .

റീമേക്ക് രാജ – ദക്ഷിണേന്ത്യയിലെ സകലമാന ഹിറ്റ് ചിത്രങ്ങളുടേയും റീമേക്ക് ചെയ്യുന്ന ബംഗാളിലേ ഒരു മുന്‍നിര സംവിധാകരില്‍ ഒരാളാണ് അക്ഷര്‍ നന്ദി (സുജന്‍ മുഖര്‍ജി). തുരുതുരാ റീമേക്കുകള്‍ പ്രേക്ഷര്‍ക്ക് അലോസരമായ് തുടങ്ങിപ്പോള്‍ അദ്ദേഹം പുതു കഥകള്‍ക്കായ് തേടുകയായിരുന്നു. അപ്പോഴാണ് അവിചാരിതമായ് അദ്ദേഹത്തിന്രെ വീട്ടിലേക്ക് കോമാളി എന്ന് തോനിപ്പിക്കുന്ന രീതിയില്‍ ചിരിപ്പിക്കുന്ന സംസാര രീതികളോടെ ഒരു സെയില്‍സ്മാന്‍ കടന്നു വരുന്നത്. അദ്ദേഹം തിരികെ നടന്നപ്പോള്‍ വെച്ചുമറന്നൊരു ഡയറി സംവിധായകന്‍ അക്ഷരിന്രെ ശ്രദ്ധയില്‍ പെട്ടു. അക്ഷര്‍ തേടികൊണ്ടിരിക്കുന്ന ‘ആ കഥ’ ഡയറിക്കുറിപ്പുകളുടെ അകകടലാസുകളില്‍ അക്ഷരങ്ങളായി കിടപ്പുണ്ടായിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്.

ബൂമാറാങ് നാല് കാഥാപാത്രങ്ങള്‍ക്കുള്ളിലാണ് നടക്കുന്നത് – സംവിധായകന്‍ (സുജന്‍ മുഖര്‍ജി), അദ്ദേഹത്തിന്രെ കാമുകി (അനന്തിത ഹോസ്), സെയില്‍സ്മാന്‍ (കാന്‍ചന്‍ മുല്ലിക്) പോലീസ് ഇന്‍സ്പക്ടര്‍ (പരണ്‍ ഭന്തോപാത്യായ്). സ്ഥിരം മറ്റുള്ളവരുടെ സൃഷ്ടികള്‍ പകര്‍ത്തുകയും, റീമേക്ക് ചെയ്യുകയും മോഷ്ടിക്കുകയുമൊക്കെ ചെയ്ത് സ്വന്തം സൃഷ്ടിയായ് ഉയര്‍ത്തികാണിക്കുന്ന സിനിമാകാര്‍ക്കെതിരെയുള്ള ഒരു ആക്ഷേപ ഹാസ്യമാണ് ഈ സിനിമ.

”നമ്മള്‍ ചെയ്യുന്ന

കര്‍മ്മങ്ങള്‍ നമ്മിളിലേക്ക് തന്നെ തിരിച്ചു വരും”

എന്ന കര്‍മ്മ തത്വമാണ് സിനിമ സംവദിക്കുന്നത്.

ബ്യോമ്കേഷ് സീരിസുകളുടെ സിനിമടോഗ്രാഫര്‍ ആയിരുന്ന സുദിപ്ത മജുംദറിന്റെ ആദ്യ സംവിധാന സംരംഭം ആണ് ബൂമരാങ്. അഞ്ചു ദിവസം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. മിനി സ്ക്രീനിലേക്ക് വേണ്ടി നിര്‍മ്മിക്കപ്പെടത് ആയത് കൊണ്ട് തന്നെ ചിലപ്പോഴൊക്കെ ഒരു അസ്വാരസ്യം അനുഭവപ്പെട്ടെന്നിരിക്കാം. കോമഡി-ഡ്രാമ നിരയില്‍ സഞ്ചരിക്കുന്ന സിനിമ ഇടക്ക് പുളകോദ്‌ഗമാക്കുന്ന ഭൂതഗണങ്ങളും നല്കുന്നുണ്ട്.

സ്ഥിരം ബംഗാളി സിനിമകള്‍ കാണുന്നവര്‍ക്കും മിനിസ്ക്രീന്‍ നര്‍മ്മ സിനിമകള്‍ ഇഷ്ടമുള്ളവര്‍ക്കും കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ബൂമറാങ്.
©kalpakam

കണ്ണിന്റെ കാഴ്ചകള്‍ക്കപ്പുറവും ചിലതുണ്ട്.

Short Movie`     : 3rd Eye
Language            : Malayalam
Direction             : VipinDas D.S
Screenplay          : VipinDas & Nitin N Nair
Camera                : Ajmal
Screenplay          : VipinDas & Nitin N Nair
Editing                 : Saajan Paul
Cast                       : Munna Jasmin, Nitin N Nair, Sreenath,
Adrija, Hafees Ali, Anju, Sudarshanan, Akshara

സ്ത്രീ സുരക്ഷയും, സിനിമകളിലെ സത്രീ വിരുദ്ധതയും സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും അക്രങ്ങള്‍ക്കുമെതിരെ സെമിനാറും സിമ്പോസിയങ്ങളും ചര്‍ച്ചകളും നടക്കുകയും, പ്രതിവിധികള്‍ ആരായുകയും ചെയ്യുന്ന ഒരു സമയമാണിത്.
‘ആണിന്റെ ചൂടു കിട്ടാന്‍ കൊതിക്കുന്നവളാണ് പെണ്ണെന്ന ധാരണ, നിസ്സഹായതയോടെ അവള്‍ വഴങ്ങി കൊടുക്കുമെന്ന വിചാരം’ ഒരു പൊതു വിചാരം, ശരിക്കും പറഞ്ഞാല്‍ പൊതുവല്ല, നമ്മള്‍ കണ്ടും കേട്ടതില്‍ നിന്നും ഉത്ഭവിച്ചു വന്നൊരു ചിന്തയാണ്. അതല്ല ശരിയെന്ന് തിരിച്ചറിയമെങ്കില്‍ ഒരു വീണ്ടു വിചാരം വേണം. സിനിമയില്‍ പറഞ്ഞത് പോലെ ‘ഇത് അടി കൊണ്ടു മാറേണ്ടതല്ല തിരിച്ചറിവ് കൊണ്ട് മാറേണ്ടതാണ്’.
ഒരു കുഞ്ഞു വിഷയം വളരെ മനോഹരമായ് തന്നെ സ്ക്രീനില്‍ എത്തിക്കാന്‍ സാധിച്ചതില്‍ വിപിന്‍ ദാസ് താങ്കള്‍ക്ക് കയ്യടിക്കാം. വളരെ പക്വമായ അഭിനയം തന്നെയായിരുന്നു എല്ലാ അഭിനയതാക്കളും കാഴ്ചവെച്ചത്. ഷാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിധിന്‍ എന്‍ നായര്‍ക്ക് തുടര്‍ന്ന് നല്ല അവസരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. വീട്ടമ്മയായ് വന്ന മുന്ന ജാസ്മിനും മിതത്വത്തോടെ തന്റെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. രണ്ടു സീനുകള്‍ മാത്രമാണെങ്കിലും ഓട്ടോ ഡ്രൈവറുടെ സംസാരമാണ് ഏറ്റവും സ്വാഭാവികത തോന്നിച്ചത്. ഉപ്പയുടെ കഥാപാത്രം ഡബിംഗും ശരീരവുമായ് ഇഴകിവരാത്തത് കൊണ്ടാണോ എന്ന് അറിയില്ല, ഇത്തിരി രസിക്കാത്തതായ് തോന്നിയത് അത് മാത്രമാണ്.
ഓരോരുത്തരുടെ ജീവത്തിലും നിറമേകിയതും, നിറം മങ്ങിയതും, വെള്ളയും കറുപ്പുമായ അധ്യായങ്ങള്‍ ഉണ്ടാകാറുണ്ട്. ആ വീട്ടമ്മയുടെ ജീവതത്തില്‍ സംഭവിച്ച ഒരു കറുത്ത അധ്യായത്തെ ബ്ലാക് ആന്റ് വൈറ്റില്‍ കാണിച്ച കളര്‍ സെന്‍സിംഗിനെ അഭിനന്ദിക്കുന്നു. കറുപ്പില്‍ നിന്ന് പര്യവസാനിച്ച് വീണ്ടും നിറങ്ങളിലേക്കുള്ള മാറ്റവും വോയ്സോവറും നന്നായിരുന്നു.
ആത്മഹത്യയല്ല ശരിയായ പരിഹാരം മറ്റൊന്നെന്ന തിരിച്ചറിവ് നില്‍കിയ അകകാഴ്ചയോ, നമ്മുടെ കാഴ്ചകള്‍ക്ക് ഒപ്പം പിന്തുടരുന്ന മൊബൈല്‍ കാമറയാണോ ‘തേര്‍ഡ് ഐ’ മൂന്നാം കണ്ണിന്റെ വിസ്‌തൃതവിവരണങ്ങള്‍ ഇനിയും തുടര്‍ന്നേക്കാം.
സര്‍വ്വ മംഗളങ്ങളും♥
©Kalpakam

കഴുത്തിനു ചുറ്റും ചാമരം വീശുന്ന തൂവലുകളുള്ള, ചിറകുകളില്‍ ശലഭങ്ങളെപ്പോലെ ചിത്രപ്പണികളുള്ള – പറവ

വളര്‍ത്തുപക്ഷികളില്‍ ശാന്തരും സൗമ്യരുമാണ് പ്രാവുകള്‍. വര്‍ണ്ണ വൈവിധ്യം കൊണ്ടും രൂപഭംഗികൊണ്ടും ആരുടെയും മനം കവരുന്ന ഒന്നാണ് അത്. പ്രാവുകൾ പൊതുവെ സമാധാനത്തിന്റെയും ശാന്തിയുടേയും ചിഹ്നമായ് നാം കാണിക്കാറുണ്ട്. കഴുത്തിനു ചുറ്റും ചാമരം വീശുന്ന തൂവലുകളുള്ള, ചിറകുകളില്‍ ശലഭങ്ങളെപ്പോലെ ചിത്രപ്പണികളുള്ള വിവിധമാർന്ന പ്രാവുകളെ പോലെ കണ്ണിന് കൗതുകമേകുന്ന ഒരു സിനിമയാണ് സൌബിൻ ശാഹിർ അണിയിച്ചൊരുക്കിയ പറവ.

പ്രാവു പറത്തലാണ് കഥാപശ്ചാത്തലമെങ്കിലും രണ്ടു കഥകളാണ് ആ പറക്കലിന്റെ ഇടയിലൂടെ പറഞ്ഞുപോകുന്നത്. മുനീർ അലിയും സൌബിനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. ഫസ്റ്റ് ലവ്-പറവ എന്നീ രണ്ടു കഥകൾ ഒരുമിച്ചു കൂട്ടി തിരക്കഥ എഴുതിയ സിനിമയാണ് പറവ എന്ന് മുമ്പ് ഒരിക്കൽ സൌബിൻ പറഞ്ഞത് ഓർക്കുന്നു. മട്ടാഞ്ചേരി പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അവിടെ രണ്ട് സ്കൂൾ കുട്ടികളായ ഇർശാദ് ഹസീബ് എന്നിവർ ഇച്ചാപ്പി(ഇർശാദ്)യുടെ വീടിനുമുകളിൽ പറവകളെ വളർത്തുന്നുണ്ട്. പറവ പറത്തൽ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു ടീമുകളോട് ഏറ്റുമുട്ടാൻ പ്രാവുകൾക്ക് ട്രൈനിംഗ് നൽകി സജ്ജരാക്കുകയാണവർ. ഒരു വശത്ത് കുട്ടികളുടെ സ്കൂൾ കാഴ്ചകളും മറുവശത്ത് ക്ലബ്ബും ക്രിക്ക്റ്റു കളിയുമായ് നടക്കുന്ന യുവാക്കളും വേറൊരു വശത്ത് അധ്വാനിച്ചു കുടുബം പുലർത്തുന്ന മുതിർന്ന പൌരന്മാരെയും കാണിക്കുന്നു. വളരെ രസകരമായ് കൂട്ടിയിണക്കിയ രണ്ടു സമയത്തെ കഥകൾ സൌബിൻ വളരെ മനോഹരമായ് തന്നെ ദൃഷ്ടിഗോചരമായ നമ്മുടെ തീൻമേശയിൽ വിളമ്പിത്തരുന്നുണ്ട്.

ഇന്നലെ ആയിരുന്നു ജിസിസി പറവ റിലീസ്. അബുദാബി ഖാലിദിയ മാളിൽ രാത്രി എട്ടുമണിയുടെ പ്രദർശനത്തിന് കയറുമ്പോൾ മുമ്പിലെ സീറ്റുകളൊഴിച്ച് ഏതാണ്ട് നിറഞ്ഞിട്ടുണ്ടായിരുന്നു. കുടുംബ പ്രേക്ഷകരായിരുന്നു അതിൽ കൂടുതൽ. ഓരോ സീനുകളും വളരെ ആസ്വദിച്ചു തന്നെയായാണ് ഓരോരുത്തരും കണ്ടിരുന്നത്. മട്ടാഞ്ചാരി പശ്ചാത്തലവും നാട്ടുഭാഷയും പ്രാവുപറത്തലും മറ്റുള്ളവർക്ക് സുപരിചിതമായിരിക്കില്ല എങ്കിലും ഏതൊരു നാട്ടിൻ പുറത്തുകാരനും അവൻ നടന്നു വന്ന വീഥിയിൽ പറവയിലെ ഓരോ കഥാപാത്രങ്ങളുമായ് സംവദിക്കാൻ സാധിച്ചിരിക്കും. ഹസീബിൽ എവിടെയൊക്കെയോ എന്റെ കുട്ടിക്കാലം കണ്ടപ്പോൾ ദുൽഖർ ചെയ്ത കഥാപാത്രത്തിന്റെ സ്വഭാവവും ശരീരഭാഷമുള്ള ഒരാളുടെ രൂപം എന്റെ മനസ്സിന്റെ ഒരു കോണിൽ നിന്ന് മാടിവിളിച്ചു. ഇച്ചാപ്പിയും, ശൈനും, അർജുനും, സിദ്ദീഖും, സിനിൻ സൈനുദ്ധീനും, ഹരിശ്രീ അശോകനും, ജാഫർ ഇടുക്കിയും, ഗ്രിഗറിയും, സൃന്ദയും, ടീച്ചറായ് വന്ന ഉണ്ണിമായയും, ഇച്ചാപ്പിയുടെ ഉമ്മയും,  സൌബിനും അങ്ങനെ ഓരോ കഥാപാത്രങ്ങളും സിനിമ കഴിയുന്നതോടെ എന്റെ മനസ്സിൽ നിരനിരയായ് വന്നു നിന്നിരുന്നു. ഇച്ചാപ്പിയും ഹസീബുമായ് വന്ന അമൽ ശായേയും ഗോവിന്ദിനേയും പ്രത്യേകം എടുത്ത് പറയേണ്ടത് പോലെ തന്നെ പരാമർശിക്കപ്പെടേണ്ട പേരാണ് ശൈൻ നിഗമിന്റത്. അപ്പന്റെ മോൻ എന്ന് പറയുന്ന തരത്തിൽ മട്ടാഞ്ചേരി ഭാഷാ ശൈലി ദുൽഖർ മനോഹരമാക്കിയിട്ടുണ്ട്.

വെട്ടും കുത്തുമായ് ഇരുണ്ട കാൻവാസിൽ മാത്രം കാണിച്ച മലയാള സിനമയിലെ ക്ലീശേ കൊച്ചിക്ക് സ്നേഹത്തിന്റെയും നന്മയുടെയും മുഖം കൂടെയുണ്ടെന്നും സ്റ്റീരിയോ ടൈപ് കോയാമാരിൽ തളിച്ചിട്ട മുസ്ലീം ജീവിതങ്ങൾക്ക് സിനികളിലെ സ്ഥിരരൂപങ്ങൾക്കപ്പുറം ഒരു കാഴ്ചയുണ്ടെന്നും കാണിച്ചു തന്ന സൌബിൻ ഒരു പ്രത്യേക കയ്യടിക്ക് അർഹനാണ്. തുടക്കാരനാണ് എന്ന് പോലും തോന്നിക്കാത്ത രീതിയിൽ കാമറ കാഴ്ചകൾ നമുക്ക് സമ്മാനിച്ച ലിറ്റിൽ സ്വയമ്പും മികച്ച സംഗീതത്തിലൂടെ കാഴ്ചകൾകൊപ്പം പറന്ന റക്സ് വിജയനും സീനുകളും വൃത്തിക്ക് വെട്ടിനിരത്തി മുന്നിലേക്ക് എത്തിച്ച  പ്രവീണ് പ്രഭാകർക്കും നന്മകൾ.

ഇതൊക്കെ പരാമർശിക്കുന്നതിനിടയിൽ മുഖ്യ കഥാപാത്രങ്ങളായ പറവകളെ വിട്ടുപോയാൽ സിനിമയില്ലെന്നു തന്നെ പറയാം. പുലികളെയും മറ്റു മൃഗങ്ങളേയും മെരുക്കി അഭിനയപ്പിച്ചെടുത്തതായ് കേട്ടിട്ടുണ്ട്. പറവകളെ അങ്ങനെ ആദ്യമായിട്ടായിരിക്കും. സൌബിനും കൂട്ടർക്കും കൂട്ടത്തിൽ ഈ സിനിമ നിർമിച്ച അൻവർ റശീദ്, ശൈജു ഉണ്ണി എന്നിവർക്കും ഒരു നല്ല സിനിമ മലയാള ചലച്ചിത്ര ശാഖയ്ക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി.

പറവ പറഞ്ഞത് മട്ടാഞ്ചേരിയിലെ കഥയാണെങ്കിൽ അതിലെ ഓരോ കഥാപാത്രങ്ങളും പറയുന്നത് കേരളത്തിലെ ഓരോ നാട്ടിൻ പുറത്തിലേയും കഥകളും കഥകൾക്കപ്പുറമുള്ള കാഴ്ചാന്തരങ്ങളുമാണ്. പറവ പറന്നു, പറന്നു പറന്നു പ്രേക്ഷക ഹൃദയങ്ങളിൽ കൂടുകൂട്ടിയിരിക്കുന്നു, മനസമ്മിതിയുടെ നന്മയുടെ സ്നേഹത്തിന്റെ നിഷ്കളങ്കതയുടെ നിറമാർന്ന കാഴ്ചാന്തരങ്ങളുടെ കൂട് !!

©Kalpakam
http://www.kalpakam.wodpress.com

പൊട്ടകിണറ്റിലെ തവളകൾ

അന്ധക്കിണർ.

‘പൊട്ടക്കിണറില്‍ കൂരിരുട്ടാണ്, കൂരാ കൂരിരുട്ട് !!
ഇതാണ് ലോകം, ഈ ലോകത്ത് ഞാനും പിന്നെ കുറച്ച് പാറക്കഷ്ണങ്ങളും വറ്റിവരളാറായ കുറച്ച് വെള്ളവും. പിന്നെ എവിടെയോ ഏതൊക്കെയോ പൊത്തില്‍ പാമ്പുകളുമുണ്ടെന്ന് തോന്നുന്നു. ഇതാണ് ലോകം. ലോകം ഇരുണ്ടതാണ്.’ പൊട്ടക്കണറിലെ തവള പറഞ്ഞു.
‘ഹേയ്‌….. ആര് പറഞ്ഞു, ലോകം ഇതൊന്നുമല്ല. ലോകം വിശാലമാണ്. അതില്‍ ഒരാപാടു ജീവജാലങ്ങളുണ്ട്. രാത്രിയും പകലുമുണ്ട്. നീ ഈ കണ്ടതിലും എത്രയോ അപ്പുറമാണ് അത്.’ എലിടുന്നോ ഒരു അഞ്ജാത ശബ്ദം മുഴങ്ങി.
‘ആര് പറഞ്ഞു. ഇതാണ് ലോകം.’ പൊട്ടക്കിണറ്റിലെ തവള വീണ്ടും ആക്രോശിച്ചു.
പലരും ഇതുപോലെ ആണ്, ചിലപ്പോഴൊക്കെ നമ്മളും. ചില മുന്‍വിധികളും ആരൊക്കെയോ പാടി പറഞ്ഞ ചില കാര്യങ്ങളും കുത്തിപ്പിടിച്ചു നമ്മളും പറയും. വെളുത്തവന് മാത്രമെ ലോകത്ത് വിലയുള്ളൂ, കറുത്തവന് വിലയൊന്നും ഇല്ല. അല്ലെങ്കില്‍ കയ്യില്‍ കാശ് വേണം. ആരാണ് ഈ വില കല്‍പ്പിക്കുന്നവര്‍ നമ്മള്‍. നമ്മളാണ് ലോകം.
ഈ കൊച്ചു സിനമ രണ്ട് മൂന്ന് കാര്യങ്ങള്‍ പറയുന്നുണ്ട്. ഒന്ന് നമുക്ക് മറ്റുള്ളവരെ കളിയാക്കാന്‍ എന്തോ പ്രത്യേകം ഒരാവേശമാണ്. കിട്ടുന്ന പടങ്ങളൊക്കെ എടുത്ത് വാട്സപ് ഗ്രൂപ്പുകളിലിടും. അതിന് കുറെ കൌണ്ടറുകള്‍ വരും, നമ്മള്‍ അത് നോക്കി ചിരിക്കും. വെളുത്തവന്‍ വെളുത്തവളെ കെട്ടണം, കറുത്തവന്‍ കറുത്തവളെ കെട്ടണം. “വെളുത്തവന് കറുത്ത പെണ്ണിനെ ഇഷ്ടമായാല്‍?”
“ഏയ്… അതെങ്ങനെ ഇഷ്ടമാകും, അങ്ങനെ ഒരിക്കലും ഉണ്ടാകരുത്. അങ്ങനെ വല്ലതും സംഭവിച്ചാല് അതിന് പിന്നില് എന്തോ തരികിടയുണ്ട്. ‘
“അവളുടെ സ്വത്ത് കണ്ടിട്ടാകുമെന്നെ.”
“പിന്നല്ലാതെ, അവനെന്താ വട്ടുണ്ടോ.”
ആരാണ്, ഇഷ്ടങ്ങള്‍ തീരുമാനിക്കുന്നത്, ഈ പറഞ്ഞ സമൂഹം, പൊട്ടക്കിണറ്റിലെ തവളകള്‍.
രണ്ടാമത് കറുപ്പ്. കറുപ്പ് ഒരു അപകര്‍ശ ബോധത്തിന്റെ ചിഹ്നമാണ്. അവര്‍ തല കുനിച്ചു നടക്കണം. അവര്‍ക്ക് നല്ല ജോലിയൊക്കെ കിട്ടുന്നത് പോലും എന്തോ മഹാത്ഭുതം പോലെയാണ്. അത് കൊണ്ട് ഇത്തിരി ഫേഷ്യലൊക്കെ ചെയ്ത് വെളുപ്പിക്കണം. അപ്പൊ അന്തസ്സും ആഭിജാത്യവുമുള്ളവനായ് മാറും.
മൂന്ന്, ഈ തവളകളുടെ നിരന്തമായ സംസാരം വീണ്ടും വീണ്ടും ചെവിയിലേക്ക് അടിച്ചു വരുന്നതോടെ നമുക്കും സ്വയം ഒരു തോന്നല്‍ ഉണ്ടാകുന്നു, ശരിക്കും ഞാന്‍ കറുത്തിട്ടാണോ, എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ…..
അയാള്‍ ബൈക്ക് നിര്‍ത്തി കണ്ണാടിയില്‍ നോക്കുന്നതോടെ പടം അവസാനിക്കുന്നു.
ഇപ്പോഴത്തെ സമൂഹത്തിലെ ചിന്താഗതികളെ വളരെ സിമ്പിളായും മനോഹരമായും വരച്ചു കാണിച്ച സംവിധായകന്‍ വിനീഷ് വിശ്വനാഥന് അഭിനന്തനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. തുടക്കത്തിലെ കോട്ടുകള്‍ വളരെ ചിന്തനീയമാണ്. ആദ്യം കാണിക്കുന്ന സിസിടിവി സീനും പിന്നീട് ബാബര്‍ ഷോപ്പില്‍ ബ്ലാക്ക് ആന്റ് വൈറ്റിലും അവസാനം ബൈക്ക് ഓരത്ത് നിര്‍ത്തി കണ്ണാടിയില്‍ നോക്കുമ്പോള്‍ കണ്ണാടിയില്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ കാണിച്ചതും മനോഹരമാണ്.
എട്ട് മിനുട്ടും പത്തൊന്പത് സെക്കന്റും മാത്രമുള്ള ഈ കൊച്ചു പടം നിങ്ങളുടെ സമയം കൊല്ലില്ല. നല്ലൊരു ആശയം സമ്മാനിക്കുന്ന കൊച്ചു സിനിമ.
കണ്ടു കഴിയുമ്പോള്‍ നിങ്ങളെ ഒരുപാടു ചിന്തിപ്പിച്ചേക്കാം, പഴയ ഓര്‍മ്മകള്‍ കടന്നു വന്നേക്കാം, ചിലപ്പോള്‍ നിങ്ങള്‍ തന്നെ തവളകളായ പല സംഭവങ്ങളും നിങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കാം.
എന്റയര്‍ ക്രൂവിന് സര്‍വ്വ വിധ ഭാവുകങ്ങളും.

©Kalpakam