ശീലാമ്മ

ശീലാമ്മ

കടവാതിൽ ഗ്രില്ലില്‍ അടിച്ചിട്ടത് പോലെ മൂന്നു വർണ്ണങ്ങൾ തലയടിച്ചു തല്ലി ഹോളിലൂടെ പറന്നകന്നു. ശീതമാണ്, മരംകോച്ചുന്ന തണുപ്പിൽ കടിഞ്ഞൂൽ പേറിനായ് കാത്തു നിൽക്കുകയാണ് ശീലാമ്മ. കാർക്കിച്ചു തുപ്പിയ വഴിയമ്പലങ്ങളിൽ ഇന്നും ആ നിഴൽ ബാക്കിയുണ്ട്. നിലാവെളിച്ചത്തിൽ പേടിപ്പെടുത്താൻ റോന്ത് ചുറ്റുന്ന ഛായാരൂപം പോലെ മാറാലപിടിച്ച മനസ്സിനുള്ളിൽ രൗദ്ര ഭാവത്തോടെ അവളൊന്ന് നോക്കി. കാലം തെറ്റി പെയ്ത മഴയിൽ ഒലിച്ചിറങ്ങിയതായിരുന്നു ഈ ഭീകര സത്വം. കമുരാച്ചി മലക്കു മുകളിൽ നിന്ന് ഇന്നും കൂടിറങ്ങിയിട്ടില്ല. വിട്ടു പോയ മാറാപ്പുകൾ വീണ്ടെടുക്കാനാൻ രണ്ടാമതും മല കയറണമെന്ന് കരുതിയതാണ്, വേണ്ടെന്നു വെച്ചു. ചിതലരിച്ചു മണ്ണിലടിയട്ടെ.

‘ഹാ …അമ്മച്ചിയേ…….’ വേതനകൊണ്ടവൾ നിലവിളിച്ചു.

ഇനി താനും ഈ വിളി കേൾക്കും., പക്ഷെ അപ്പച്ചാ…….. ഈ വിളി കേൾക്കുമോ

‘ഇല്ല………..

നീ നോക്കി ഇളിയടാ ചെക്കാ’ ചുവരിൽ ചില്ലിട്ടു വെച്ച ചിത്രത്തെ നോക്കി രണ്ടു തുള്ളി കണ്ണുനീർ മുറുക്കി പിടിച്ച കൈകളിൽ പതിച്ചു. ശോകാകുലമായ വദനം ദുഃഖം മറച്ചു ഇടകലർന്ന ചിരി സമ്മാനിച്ചു. കരച്ചിലുകളോട് ചിരി കൊണ്ട് തോൽപ്പിച്ചവളാണ്.

എന്നെ തോൽപ്പിക്കാൻ നീയൊക്കെ ഇനിയും നൂറു ജന്മം ജനിക്കണമെടാ. ആരോടെന്നില്ലാതെ അവൾ പിറുപിറുത്തു.

ദൈവം ചിലരുടെ ജീവിതം കൊണ്ട് ഫുട്ബോൾ കളിച്ചു കളയും. നമ്മുടെ കണ്ണുകൾക്കു കാണാനും ചെവികൾക്ക് കേൾക്കാൻ പോലും പറ്റാത്ത രൂപത്തിലുള്ള കളിയാകും അത്. രണ്ടു കാലുകളിലും പന്ത് ഒതുക്കി വെച്ച് പോസ്റ്റിലേക്കൊരു ബെന്റിംഗ് ഷോട്ട് വിട്ടപ്പോൾ നിശ്ചലനായി നിന്ന അതേ ഗോളിയുടെ അവസ്ഥ. നമ്മെ പോലുള്ള കാണികൾക്ക് പലപ്പോഴും സഹതാപവും അത്ഭുതവുമൊക്കെ തോന്നാറുണ്ട്. കല്ലുമ്മക്കായ പൊരിച്ചതിൽ ഇതളെടുത്ത് അരി ഉരുട്ടിയത് വെച്ച് നീട്ടുന്ന രീതിയോട് അവർക്കെന്നും പുച്ചമാണ്. ജീവിതാഭിലാഷങ്ങളുടെ ഇരുണ്ട വർഷങ്ങള്‍. തീ തുപ്പി കഴിച്ചു കൂട്ടുകയൊന്നുമല്ല, പുഞ്ചിരിച്ചു സൗരഭ്യം പരത്തും മാലാഖമാരാണ് അവരൊക്കെ.

വയറ്റിലെ ജീവൻ തുടിപ്പിന്റെ ആഖ്യാനം പറഞ്ഞു തുടങ്ങിയപ്പോഴാണ് അവളുടെ പ്രിയതമനെ ചുവപ്പു കാർഡ്  കാണിച്ചു കളികളത്തില് നിന്നു പുറത്താക്കിയത്. ഇനി കളികളത്തിലെ വരേണ്ടതില്ലെന്നു മൊഴിഞ്ഞു പറഞ്ഞു വിട്ടു. മധുരമൂറും മന്ദസ്മിതങ്ങൾ പുൽകുന്നതിന് മുമ്പ് തന്നെ അവൻ പരലോകം പൂകി. ചാകാൻ അണ്ണൻ ലോറി വന്ന് നെഞ്ചത്തോട്ട് കേറ്റണമെന്നില്ല, ഓട്ടോ വിചാരിച്ചാലും കാര്യം നടക്കും. ലളിതമായ മടക്കം. നാട്യ ശാസ്ത്രത്തിൽ ഭരതമുനിക്ക് എന്തും പറയാം പക്ഷെ ജീവിത യാത്രയിൽ ഒരു മുനി പണ്ഡിതനും ഒന്നും പറയാൻ പറ്റില്ല

‘ഡാ ചെക്കാ നീ അവിടെ മാലാഖമാർക്കുമൊപ്പം സല്ലപിക്കുകയാണല്ലേ, നീ ചെല്ല്, ഇങ്ങട്ട് വന്ന് നോക്കണമെന്നില്ല. ഞാൻ  കാണിച്ചു തരമാടാ നിനക്ക്. ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചു തരും. ഞാനും എന്റെ വയറ്റിൽ നിന്ന് പഞ്ച ഗുസ്തികളിക്കുന്ന നിന്റെ കുഞ്ഞും.’

സോമനാമ്പുലിയുടെ ചോറ്റുപാത്രത്തിൽ കൈ കുത്തി കണ്ണീരൊഴുക്കാനൊന്നും എന്നെ കൊണ്ട് പറ്റത്തില്ല. അങ്ങേര് കളിക്കട്ടെ. ചിലപ്പോൾ എന്റെ ജീവിതം കണ്ട് മറ്റുള്ളവർക്ക് പഠിക്കാനാകും.

©Kalpakam

 

പൊട്ടകിണറ്റിലെ തവളകൾ

പൊട്ടകിണറ്റിലെ തവളകൾ

അന്ധക്കിണർ.

‘പൊട്ടക്കിണറില്‍ കൂരിരുട്ടാണ്, കൂരാ കൂരിരുട്ട് !!
ഇതാണ് ലോകം, ഈ ലോകത്ത് ഞാനും പിന്നെ കുറച്ച് പാറക്കഷ്ണങ്ങളും വറ്റിവരളാറായ കുറച്ച് വെള്ളവും. പിന്നെ എവിടെയോ ഏതൊക്കെയോ പൊത്തില്‍ പാമ്പുകളുമുണ്ടെന്ന് തോന്നുന്നു. ഇതാണ് ലോകം. ലോകം ഇരുണ്ടതാണ്.’ പൊട്ടക്കണറിലെ തവള പറഞ്ഞു.
‘ഹേയ്‌….. ആര് പറഞ്ഞു, ലോകം ഇതൊന്നുമല്ല. ലോകം വിശാലമാണ്. അതില്‍ ഒരാപാടു ജീവജാലങ്ങളുണ്ട്. രാത്രിയും പകലുമുണ്ട്. നീ ഈ കണ്ടതിലും എത്രയോ അപ്പുറമാണ് അത്.’ എലിടുന്നോ ഒരു അഞ്ജാത ശബ്ദം മുഴങ്ങി.
‘ആര് പറഞ്ഞു. ഇതാണ് ലോകം.’ പൊട്ടക്കിണറ്റിലെ തവള വീണ്ടും ആക്രോശിച്ചു.
പലരും ഇതുപോലെ ആണ്, ചിലപ്പോഴൊക്കെ നമ്മളും. ചില മുന്‍വിധികളും ആരൊക്കെയോ പാടി പറഞ്ഞ ചില കാര്യങ്ങളും കുത്തിപ്പിടിച്ചു നമ്മളും പറയും. വെളുത്തവന് മാത്രമെ ലോകത്ത് വിലയുള്ളൂ, കറുത്തവന് വിലയൊന്നും ഇല്ല. അല്ലെങ്കില്‍ കയ്യില്‍ കാശ് വേണം. ആരാണ് ഈ വില കല്‍പ്പിക്കുന്നവര്‍ നമ്മള്‍. നമ്മളാണ് ലോകം.
ഈ കൊച്ചു സിനമ രണ്ട് മൂന്ന് കാര്യങ്ങള്‍ പറയുന്നുണ്ട്. ഒന്ന് നമുക്ക് മറ്റുള്ളവരെ കളിയാക്കാന്‍ എന്തോ പ്രത്യേകം ഒരാവേശമാണ്. കിട്ടുന്ന പടങ്ങളൊക്കെ എടുത്ത് വാട്സപ് ഗ്രൂപ്പുകളിലിടും. അതിന് കുറെ കൌണ്ടറുകള്‍ വരും, നമ്മള്‍ അത് നോക്കി ചിരിക്കും. വെളുത്തവന്‍ വെളുത്തവളെ കെട്ടണം, കറുത്തവന്‍ കറുത്തവളെ കെട്ടണം. “വെളുത്തവന് കറുത്ത പെണ്ണിനെ ഇഷ്ടമായാല്‍?”
“ഏയ്… അതെങ്ങനെ ഇഷ്ടമാകും, അങ്ങനെ ഒരിക്കലും ഉണ്ടാകരുത്. അങ്ങനെ വല്ലതും സംഭവിച്ചാല് അതിന് പിന്നില് എന്തോ തരികിടയുണ്ട്. ‘
“അവളുടെ സ്വത്ത് കണ്ടിട്ടാകുമെന്നെ.”
“പിന്നല്ലാതെ, അവനെന്താ വട്ടുണ്ടോ.”
ആരാണ്, ഇഷ്ടങ്ങള്‍ തീരുമാനിക്കുന്നത്, ഈ പറഞ്ഞ സമൂഹം, പൊട്ടക്കിണറ്റിലെ തവളകള്‍.
രണ്ടാമത് കറുപ്പ്. കറുപ്പ് ഒരു അപകര്‍ശ ബോധത്തിന്റെ ചിഹ്നമാണ്. അവര്‍ തല കുനിച്ചു നടക്കണം. അവര്‍ക്ക് നല്ല ജോലിയൊക്കെ കിട്ടുന്നത് പോലും എന്തോ മഹാത്ഭുതം പോലെയാണ്. അത് കൊണ്ട് ഇത്തിരി ഫേഷ്യലൊക്കെ ചെയ്ത് വെളുപ്പിക്കണം. അപ്പൊ അന്തസ്സും ആഭിജാത്യവുമുള്ളവനായ് മാറും.
മൂന്ന്, ഈ തവളകളുടെ നിരന്തമായ സംസാരം വീണ്ടും വീണ്ടും ചെവിയിലേക്ക് അടിച്ചു വരുന്നതോടെ നമുക്കും സ്വയം ഒരു തോന്നല്‍ ഉണ്ടാകുന്നു, ശരിക്കും ഞാന്‍ കറുത്തിട്ടാണോ, എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ…..
അയാള്‍ ബൈക്ക് നിര്‍ത്തി കണ്ണാടിയില്‍ നോക്കുന്നതോടെ പടം അവസാനിക്കുന്നു.
ഇപ്പോഴത്തെ സമൂഹത്തിലെ ചിന്താഗതികളെ വളരെ സിമ്പിളായും മനോഹരമായും വരച്ചു കാണിച്ച സംവിധായകന്‍ വിനീഷ് വിശ്വനാഥന് അഭിനന്തനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. തുടക്കത്തിലെ കോട്ടുകള്‍ വളരെ ചിന്തനീയമാണ്. ആദ്യം കാണിക്കുന്ന സിസിടിവി സീനും പിന്നീട് ബാബര്‍ ഷോപ്പില്‍ ബ്ലാക്ക് ആന്റ് വൈറ്റിലും അവസാനം ബൈക്ക് ഓരത്ത് നിര്‍ത്തി കണ്ണാടിയില്‍ നോക്കുമ്പോള്‍ കണ്ണാടിയില്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ കാണിച്ചതും മനോഹരമാണ്.
എട്ട് മിനുട്ടും പത്തൊന്പത് സെക്കന്റും മാത്രമുള്ള ഈ കൊച്ചു പടം നിങ്ങളുടെ സമയം കൊല്ലില്ല. നല്ലൊരു ആശയം സമ്മാനിക്കുന്ന കൊച്ചു സിനിമ.
കണ്ടു കഴിയുമ്പോള്‍ നിങ്ങളെ ഒരുപാടു ചിന്തിപ്പിച്ചേക്കാം, പഴയ ഓര്‍മ്മകള്‍ കടന്നു വന്നേക്കാം, ചിലപ്പോള്‍ നിങ്ങള്‍ തന്നെ തവളകളായ പല സംഭവങ്ങളും നിങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കാം.
എന്റയര്‍ ക്രൂവിന് സര്‍വ്വ വിധ ഭാവുകങ്ങളും.

©Kalpakam

കാഴ്ച്ചക്കാർ

കാഴ്ച്ചക്കാർ

കാഴ്ചക്കാരനായ് നിന്നു തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടിരിക്കുന്നു, കാഴ്ചകളുടെ അതിർവരമ്പുകൾ ഭേദിച്ചു കാണാകാഴ്ചകളുടെ പാതയോരങ്ങളിലൂടെ ഞാനൊന്ന് ചലിക്കട്ടെ. കാലവും കാലാന്തരവും മറികടന്നു ആത്മാവിന്റെ ചൂളൻ വിളികൾ കാതോർത്തുള്ള നടപ്പാണ്. തെരുവോളങ്ങളിലെ നിശ്ചല ദൃശ്യങ്ങൾ കണ്ണിൽ തുറിച്ചു കയറുന്നുണ്ട്. വീഥിയുടെ രണ്ടറ്റത്തു നിന്നും അട്ടഹാസങ്ങൾ, കൽപ്പില്ലാ കിളികളുടെ ദീന രോധനം. ചവറു വാരി എറിഞ്ഞ തെരുവ് വീഥിയിൽ ചുടു രക്തത്തിൻ ഗന്ധം, കൂടെ ബലം പിടിപ്പിൽ ഉറ്റി വീണ വിയർപ്പു ഗണങ്ങളും അനർത്ഥമായ് പുറത്ത് വിട്ട ശുക്ലവും……. കാലമേ ആരാണ് ഇവിടെ പിഴച്ചത്, നീയോ അതോ നിന്നിൽ ബൂജിതനായ മനുഷ്യവർഗമോ…… ആദ്യം കാണാകാഴ്ചകൾക്കു മുമ്പിൽ മുഖം തിരിച്ചത് കൊണ്ടാകണം ഇരയായപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല.

നടുവിലിടക്കു തെരുവിലെ ഇടുങ്ങിയ റോഡിലൂടെ നടന്നപ്പോൾ വീണ്ടും ഞാനവളുടെ ആർത്ത നാദം കേട്ടു. വർഷങ്ങൾക്കു മുമ്പ് കേട്ട അതേ ഭീതിയിൽ…… വായിൽ തിരികി കയറ്റിയ തോർത്തു മുണ്ടിനിടയിലൂടെ പുറത്തുവന്ന ശബ്ദം എന്നെ ഭയപ്പെടുത്തി. കയ്യിലുലുണ്ടായിരുന്ന അരികെട്ടും പഞ്ചസാരയും നിലത്ത് വീണു പൊട്ടി, നിലവിളിക്കാനായ് തുനിഞ്ഞ മനസ്സിനെ പിടിച്ചു നിർത്തി ഞാൻ കൈകൾ കൊണ്ട് വായ മൂടി. മൂന്ന് കാപാലികർ കൂടി അവളെ ചവച്ചു തുപ്പി. പൊളിഞ്ഞു കിടന്ന ഗാരേജിൽ മറഞ്ഞിരുന്ന ഞാൻ, അവർ കാര്യ സാധിപ്പിനു ശേഷം നടന്നകലുന്നത് കാണുന്നുണ്ട്. ഒരക്ഷരം മിണ്ടാനാകാതെ ഞാൻ വീട്ടിലേക്ക് ഓടിയടുത്തു. കാലുകൾക്ക് ചലനം നഷ്ടപ്പെട്ടിരുന്നു, കൈകൾക്കും, നാവിനും…..

“അമ്മച്ചീ……… നമ്മടെ സുസ്മി….”
“എന്തേ….. എന്തു പറ്റി”
“ആ ഗേരേജിന് അടുത്തായ്……” വാക്കുകൾ പൂരിപ്പിക്കാനാകാതെ ഞാൻ നാവ് പിൻവലിച്ചു തളർന്നു നിലത്തേക്കു വീണു.

സൂര്യ പ്രകാശം മുഖത്തടിച്ചാണ് ഉറക്കമുണർന്നത്. കൊച്ചനുജൻ വാതിൽക്കലിൽ നിന്നു പത്രം എടുത്ത് അകത്തേക്ക് എറിഞ്ഞപ്പോൾ വന്നു വീണത് എന്റെ കാൽക്കലായിരുന്നു.

രക്ത ചുവപ്പു നിറത്തിൽ വരച്ചിട്ട തലവാചകം ഞാൻ കണ്ടു.
“റെയിൽവേ കോളനിയിൽ
ബിരുധ വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ”.

“അമ്മച്ചീ…………” പരിസരം നഷ്ടപ്പെട്ട ഞാൻ അടുക്കളയിലേക്കോടി.
“ഒന്നുമില്ല അനൂ…..” അമ്മച്ചി അറിഞ്ഞിരുന്നു, അല്ല ഇന്നലെ ഉറക്കത്തിൽ ഞാൻ പിറു പിറുത്തത് അതായിരുന്നു. അമ്മച്ചി എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു മുത്തം തന്നു. അമ്മച്ചി കെട്ടിപുണർന്നപ്പോൾ പാതി ആശ്വാസം വന്നിരുന്നു.

തെരുവിൽ സ്ത്രീകൾ ഇറങ്ങി, പോലീസും സമരക്കാരും ഏറ്റുമുട്ടി, മാധ്യമപ്പട ആദ്യമായ്ട്ടാകും ഞങ്ങളുടെ തെരുവിൽ കാലുകുത്തി. പിന്നീടുള്ള ദിവസങ്ങൾ ആഘോഷങ്ങളുടെതായിരുന്നു, രാഷ്ടീയ മുതലെടുപ്പുകളുടെ, മാധ്യമ കഥ മെനഞ്ഞെടുക്കലുകളുടെ കാലം……
ദിവസം കഴിയും തോറും പുതു കഥകൾ കേട്ടുതുടങ്ങി…. അതിനിടയിൽ പ്രതികൾ പിടിക്കപ്പെട്ടെന്നു കേട്ടു, സാക്ഷി വിസ്താരത്തിന് ആരും എത്തിയില്ല, അല്ല പണം കീഴ്മേൽ മറിച്ചിരുന്നു, തെളിവുകൾ ബാലിശമായിരുന്നു, അതിനിടയിൽ ഒരുവൻ മാനസിക രോഗി, മറ്റവൻ പതിനെട്ട് തികയാത്ത പാൽകാരൻ പയ്യൻ, രണ്ടു വർഷം പിന്നിട്ടപ്പോൾ തികയാത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു. ഒരു വേള അമ്മച്ചി സമീപിച്ചിരുന്നു, സാക്ഷി ആകാൻ,
“നീ വറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട, നിന്നേം ചിലപ്പോൾ…..” ഒരു സാധാരണ മാതാവിന്റെ ഭാഷ്യം.

കാലത്തിനനുസരിച്ചു തെരുവും മാറിതുടങ്ങി, പലതും മറന്നു തുടങ്ങിയപ്പോൾ ഓർക്കാൻ പുതുതായ് ചിലത് സമ്മാനിച്ചു.
അത് എന്റെ പേരിലായിരുന്നു. അന്ന് എന്റെ നാവ് പൊങ്ങിരുന്നില്ല, പൊങ്ങിയില്ലെന്നു പറഞ്ഞാല്… നാവിന്റെ ചലനം നശിച്ചിരുന്നു.. ചരിത്രം ആവർത്തിക്കപ്പെട്ടു, അന്നത്തെ സാക്ഷി ഇന്നത്തെ ഇരയായ്. വെള്ളത്തുണിയിൽ പൊതിഞ്ഞു വീട്ടു മുറ്റത്ത് കിടത്തിയപ്പൊൾ അമ്മച്ചി ഓർത്ത് കാണും, അന്നുരുവിട്ട വാക്കുകൾ.

എന്റെ നാവ് നിശ്ചലമായിരിക്കുന്നു, നിങ്ങളുടേത് ചിലിക്കേണ്ടിടത്ത് തലിക്കട്ടെ.

മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിക്കാണും. എല്ലാവരും നോക്കി നിൽക്കെ എനിക്കവനെ തീ കൊളുത്തണം. കാഴ്ചകാർ ഇവിടെ അതു പോലെ തന്നെ നിൽക്കട്ടെ. കാഴ്ചകൾ കാണാനാണല്ലോ ഏവർക്കും ഇഷ്ടം. കാണിച്ചു തരാം നല്ല സുന്ദര കാഴ്ച. തെരുവിൽ ശരീരം പിച്ചി ചീന്തപ്പെട്ട എന്റെ കൂട്ടുകാരികളെ നിങ്ങൾക്കു വേണ്ടി, അല്ല നമ്മുക്ക് വേണ്ടി ഞാനിത് ഏറ്റുടുക്കുന്നു……..

ശാന്തിയടങ്ങി മടങ്ങണം, വീണ്ടും ശവപ്പറമ്പിലേക്ക്……

ശുഭം !!

©kalpakam

വീണുടഞ്ഞ മൺകലം

വീണുടഞ്ഞ മൺകലം
“എവിടെയായിരുന്നടാ…….. ഞാൻ നിന്നെ ആ ഈട്ടിമരത്തിന്റെ അവിടെ കുറെ തപ്പി.”
 
“ഓ…. ഞാൻ ആ പാറമടേൽ വരെ ഒന്ന് പോയതാ. ഇത്തിരി കഞ്ഞി വെള്ളം കുടിക്കാൻ.”
 
“ആ തര്‍പ്പാൻ കുന്നിലെ കുമാരൻ ഇപ്പോഴും കാരഞ്ഞിയുംചൂടി നടക്കുവാ, അല്ലിയോ.”
 
“അതിപ്പൊ പറഞ്ഞിട്ടെന്താ, സൗകുമാരിയും പുഷ്പലതയുമൊക്കെ ഇന്നല തന്നെ സ്ഥലം വിട്ടു.”
 
“അവന് വട്ടാണ്, മുഴുവട്ട്.”
“കരിമുട്ടി കുന്നിലാ അവന്റെ കളി.” അടുത്ത് നിന്ന് ആരോ പറയുന്നതായ് എനിക്കു തോന്നി.
 
ചന്തിര സുന്ദരമായ ആ പര്‍വ്വവും കടന്നു അവൻ നടന്നു. കോച്ചുന്ന തണുപ്പാണ്. ആശാന്റെ വീട്ടിലൊന്നു കയറണം. ചത്തിട്ട് രണ്ടാഴ്ച്ചയായി. ആത്മാവ് ഇറങ്ങാൻ സമയമായോ ആവോ.
 
പുൽ പാടവും കടവും കടന്ന് അവൻ വീണ്ടും നടന്നു. ഞാന് മാടി വിളിക്കുന്നുണ്ട്.
 
“പോ പട്ടീ ഞാൻ വരില്ല.” അവന്‍ കുരച്ചു തുള്ളി
 
“ഇന്നെനിക്ക് വ്രതമാ……”
 
ചാരു കസേരയിൽ ചാരി കിടന്ന മാധവി തമ്പ്രാട്ടി മുറ്റത്തേക്ക് ആഞ്ഞു തുപ്പി
 
“തൂഫ്…… എരണം കെട്ടവൾ.”
 
“ഇതിൽ കുത്തിക്കളിക്കല്ലാതെ വല്ലോം അറിയോ…. മൂധേവീ”
 
അടുക്കളയിൽ ചട്ടുകവും പിടിച്ചു നിറഞ്ഞു തുള്ളുകയാണ്, അമ്മച്ചി.
 
ഇന്നും ഇഡിലി തന്നെ. എന്നാണാവോ ഇതിനൊക്കെ ഒരറുതി വരിക.
കനകം വിളയിക്കാന്‍ വന്നതാണ്. ഈ കാരാഗ്രഹത്തിലായി പോയല്ലേ ദൈവമെ.
 
അന്നവൻ പെണ്ണ് ചോദിച്ച് വീട്ടിൽ വന്നപ്പോൾ അപ്പനും അങ്ങളമാരും കൂടെ തല്ലിച്ചതച്ചു. അവന്റെ നിലവിളി കേട്ട് അകത്തളങ്ങളില് വിങ്ങിക്കരയാനെ എനിക്കു സാധിച്ചുള്ളൂ. രണ്ടു ദിവസം കൊണ്ട് തന്നെ അവർ സുന്ദരനും സുമുഖനും സർവ്വോപരി സൽസ്വഭാവിയുമായ ഒരു വരനെ കണ്ടത്തി. കുരിശിങ്കൽ തറവാട്ടിലെ ഇളയ സന്തതി സൂരജ്.
 
നെഞ്ച് കത്തുന്ന വേളയിൽ ആ ചെറുക്കനോട് വിവരങ്ങൾ തിരക്കാനോ കാര്യങ്ങൾ അന്യേഷിക്കാനോ ഞാന് തുനിഞ്ഞില്ല. നൂല് പൊട്ടിയ പമ്പരം പോലെ ഒരേ നിൽപായിരുന്നു. എന്നിട്ടും അവന് തന്നെ ഇഷ്ടമായെന്ന്, അത്ഭുതം തന്നെ.
 
‘ചെക്കൻ മുംബായിൽ സോഫ്റ്റ്വേർ എഞ്ചിനിയറാ’ അമ്മണി കുട്ടി എന്റെ കവിൾ പിടിച്ചു നുള്ളി.
 
‘നീ രക്ഷപ്പെട്ടടി കൊച്ചേ, ആ ഊര് തെണ്ടി ചെക്കനെയെങ്ങാനും നീ കെട്ടിയിരുന്നെങ്കിൽ……..’ ഉപദേശവും അഭിനന്ദന വാക്കുകളുമായ് ആരൊക്കെയോ വന്നു. തന്റെ കണ്ണുകൾക്ക് കാഴ്ചയും ചെവികൾക്ക് കേൾവിയും നഷ്ടപ്പെട്ടിരുന്നു. വന്നവരേയും പോയവരേയും അവരുടെയും മൊഴികളും കണ്ടതോ കേട്ടതോ ഇല്ല. ചിലങ്ക എന്നെന്നേക്കുമായ് അഴിച്ചു വെച്ച നർത്തികിയെ പോലെ ഞാന് മുറിക്കകത്ത് വന്നിരുന്നു. സ്വപ്നങ്ങൾ അസ്തമിച്ചിരിക്കുന്നു.
 
അവൻ അന്ന് തലയക്കകത്തു വരച്ച വര ഈ വഴിക്കായിരുന്നല്ലേ. ആ ഒരു നിമിഷം ദൈവത്തേയും ഞാൻ വെറുത്തു.
‘തനിക്ക് മാറ്റി വരയ്ക്കാമായിരുന്നില്ലേ?’ മുന്നിൽ കിടന്ന ഉണ്ണിക്കണ്ണന്റെ രൂപത്തോടായ് ഞാൻ ചോദിച്ചു.
 
താൻ ഒന്നും കേട്ടതോ കണ്ടോ ഇല്ല എന്ന മട്ടിൽ ആ രൂപം എനിക്കു മുന്നിൽ മൌനം പാലിച്ചു.
 
ജാതകം നോക്കി കണിയാൻ സമയം കുറിച്ചു. പാതി ചത്ത ശരീരവുമായ് ഞാൻ മണ്ഡപത്തിൽ ഉപവിഷ്ടയായി. മാല ചാർത്താനായ് നിന്നപ്പോഴാണ് അവനെ ദർശിച്ചത്. ആളുകൾ പറഞ്ഞത് ശരിയാണ്. ചൊറുക്കുണ്ട്. പക്ഷെ എന്റെ പ്രാണന്റെ മനസ്സിന്റെ ചൊറുക്കോളം വരുമോ ഈ മുഖ സൌന്ദര്യം.
 
അന്ന് കൂടെ ഇരുത്തി കാര്യങ്ങൾ പറഞ്ഞു തന്ന എന്റെ പൊന്നു ചേചിയുടെ വാക്കുകൾക്കു മുന്നിലാണ് ഞാനെന്റെ ഓർമ്മകളെ കൊന്നൊടുക്കിയത്, എനിക്ക് അങ്ങനെ ചെയ്യാനെ നിർവാഹമുള്ളൂ. വരും ജന്മങ്ങൾ എന്ന് പറഞ്ഞു കേട്ടതെയുള്ളൂ ആരും അനുഭവിച്ചു പറഞ്ഞതായ് അറിവില്ല. എന്റെ ചിന്തകളിൽ ഒറ്റ ജന്മം മാത്രംമാണ്. അത് ഓർമ്മകളെ നെഞ്ചിനകത്തിട്ട് തിളപ്പിച്ചു ആവി പിടിക്കാനുള്ളതല്ല. ചേച്ചി പറഞ്ഞത് ശരിയാണ്. ദൈവം ദാനം നല്കിയ ജീവിതത്തിൽ കടന്നു പോകുന്ന സാഹചര്യങ്ങളിൽ നാം സ്വയം സന്തോഷം കണ്ടത്തേണ്ടതുണ്ട്. മറക്കാനാകില്ലെന്നറിയാം, നിനക്ക് താത്കാലിക വിട, മാപ്പ്. സൂരജ് തന്റെ കൈകൾ പിടിച്ചു കാറിലേക്ക് കയറ്റുമ്പോൾ എന്റെ മനസ്സ് മന്ത്രിച്ചു.
 
പക്ഷെ സ്വപ്നങ്ങൾക്ക് വീണ്ടും മുറിവേറ്റു. ആദ്യരാത്രി സ്വപ്നം കണ്ടു കാത്തിരുന്ന എന്റെ അടുത്തേക്ക് അവൻ വന്ന് കയറിയത് നാലുകാലിലായിരുന്നു.
 
യൂ ജെസ് സ്ലീപാ…, അവന്റെ കുഴങ്ങിയ നാവ് എന്നോടായ് പറഞ്ഞു.
 
പടാ പടാ അടിച്ച നെഞ്ചിനെ ഞാൻ പിടിച്ചു നിർത്തി, അറിയാതെ ചുടു കണ്ണുനീർ കൈകളിൽ ഉറ്റി വീണു.
 
പിന്നീട് ദിനങ്ങളും തനിയാവർത്തനമായിരുന്നു. പക്ഷെ ചില സമയങ്ങളിൽ എനിക്കു അവന്റേത് അഭിനയമായ് തോന്നിയിരുന്നു. വീട്ടുകാർക്ക് മുന്നിൽ അവൻ സ്നേഹ സമ്പന്നനായ ഭർത്താവാണ്, ഭാര്യയെ നെഞ്ചോട് ചേർത്ത് വെക്കുന്ന ഭർത്താവ്, എനിക്കു മുന്നിൽ തനി തമ്മാടിയും.
 
ആരോടുള്ള ദേശ്യമാണ് തന്നോട് തീർക്കുന്നത്? പലപ്പോഴും എന്റെ മനസ്സ് സ്വയം ചോദിച്ചു കൊണ്ടിരുന്നു.
 
അതിനിടെ അവൻ മുംബൈയ്ക്ക് പറന്നിരുന്നു.
 
പെട്ടികത്ത് മൂടിവെച്ച ഓർമ്മകളെ തട്ടുണർത്തി ഒരു ദിവസം എന്റെ കൂട്ടുകാരി കാണാനായ് വന്നു.
 
ശരത്തിനെ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തു മെന്റൽ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്നു
 
എന്ത് അന്ധിച്ചു നിന്ന ഞാന് ചോദിച്ചു.
 
അതെ, നീന്റെ കല്യണം കഴിഞ്ഞപ്പോൾ അവന് വട്ടിളകി, ഒരു ദിവസം നാട്ടുകാർ പിടിച്ചു കുതിരവട്ടത് അഡ്മിറ്റ് ചെയ്തു.
ഇപ്പൊ ആ കരിമുട്ടി കുന്നാണ് അവന്റെ കേന്ദ്രം, നിങ്ങളുടെ പഴയ സൈറ്റ്. അവടെ കിടന്ന് ആരോടെന്നില്ലാതെ എന്തൊക്കെയോ പറയും.
 
വരട്ടെ എന്ന് പറഞ്ഞ് ശാലിനി ഇറങ്ങുമ്പോൾ ഞാനാകെ തരിച്ചു നില്ക്കുകയായിരുന്നു.
 
‘മ്ം’ എന്ന് യന്ത്രത്തെ പോലെ ഞാന്‍ തലയാട്ടി.
 
കുറച്ചു ദിവസങ്ങള്‍ അതെ ഇരിപ്പായിരുന്നു. കേള്‍ക്കുന്ന ശബ്ദങ്ങളെല്ലാം അവന്റെ അട്ടഹാസങ്ങളായിരുന്നു.
 
അതിനിടെ ഒരു ദിവസം ശാലിനിയുടെ കോള്‍ വന്നു.
 
”ഡി…” ആവളുടെ ശബ്ദം ഇടറിയിരുന്നു.
 
ശങ്കിച്ചു ഞാന് ചോദിച്ചു, ”എന്താ ഡാ?”
 
”ഇന്നലെ ആ കുന്നിൽ നിന്ന് ശരത്….” പാതികേട്ട എന്റെ ഫോണ് കൈകളിൽ നിന്ന് താഴെ നിലം പതിച്ചു, കൂടെ ഞാനും..
 
ഓര്‍മ്മകളുടെ പടവുകള്‍ കയറി ബാല്‍കകണിയില്‍ നില്ക്കുമ്പോള് അവള് ആരോടെന്നില്ലാതെ തന്റെ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.
 
ആ കുന്നും പാട്ടും നീയും എല്ലാം വെറും തോന്നലുകൾ.
പുറമെ പുഞ്ചിരിക്കുന്ന മുഖവും അകത്ത് പേയിളകി നില്ക്കുന്ന ഞാന് മുഴു പ്രാന്തിയും.
 
_സ്ഥിരം ബോംബ് കഥ തന്നെ, എന്റെ ഭാഷ നല്കിയെന്ന് മാത്രം.
©kalpakam

പിത്തനപ്പെട്ടി

പിത്തനപ്പെട്ടി

ചിലങ്കകൾ കെട്ടിയാടിയൊരു കാലമുണ്ടായിരിന്നു. ഛായം തേച്ച മുഖം. അതിന് മുകളിൽ ഒരു നീളത്തിൽ വരച്ചിട്ട പോലൊരു ചിരി. ‘ധിം തരികിട ധിം ത തോം’ പാടിയൊരു ഇടിവെട്ടി. ആട്ടം തെറ്റി ഞാൻ നിലത്തേക്ക് പതിച്ചു. ഛായകൂട്ടുകൾ വലിച്ചിഴക്കപ്പെട്ട നടനവേദിയിൽ ഒട്ടിപ്പിടിച്ചു കിടപ്പുണ്ട്. നിയമപാലകർ വന്ന് ‘ഡോണ്ട് ക്രോസ്’ മാർക്ക് കെട്ടിയിരിക്കുന്നു. ഇനി ആരും അവിടേക്ക് കടക്കരുതെന്ന്. കാമറയും മൈക്കും തൂക്കി കുറച്ച് പേർ ഉള്ളിലേക്ക് കടക്കാനായ് വ്യഗ്രത കാട്ടുന്നുണ്ട്. അവർക്ക് കാരണമറിയണം പോലും, കാരണക്കാരെയും. കുറച്ച് പേർ ആശുപത്രിയിലേക്ക് ഓടി വന്നു എന്റെ ഇപ്പോഴത്തെ നില അറിയണെമന്ന്.

‘എന്തിന്?’
‘ബിത്തിയിലൊട്ടിക്കാൻ, ലൈവ് ടെലിക്കാസ്റ്റടിക്കണം, ഇന്നത്തെ സെൻസേശ്യനാണ്.’

‘കൊള്ളാം… നല്ല കാര്യം. അല്ലാതെ എനിക്ക് വേണ്ടിയൊന്നുമല്ല, മക്കള് ചെല്ല്.’ എല്ലാതിനേയും ഓടിച്ചു വിട്ടു.

ഡിസ്ചാർജ് ചെയ്തു. ശകലം ഭേദം ഉണ്ട്. കവലയിലൊക്കെ പഴയത് പോലെ നല്ല തിരക്കു കാണുന്നു. പക്ഷെ ആളുകളുടെ ദൃഷ്ടപതിപ്പിക്കുന്നതിൽ ഇത്തിരി ഛായം ചേർത്തത് പോലെ…

‘ഏയ് തോന്നലായിരിക്കും.’

‘ശരിക്കും തോന്നൽ തന്നെയാകുമോ?’

‘അല്ലെങ്കിൽ തന്നെ സാറാമ്മക്ക് ഗ്രാസാണ്, ഗ്രാസ്’

‘ദേ അവൻ…’

‘ഈ നായിന്റെ മോനാണ് അന്ന് പഴത്തൊലി അരങ്ങത്തേക്ക് വലിച്ചെറിഞ്ഞത്. നോട്ടം കണ്ടില്ലേ, ഏതോ ചണ്ഡാല ഭിക്ഷുകിയുടെ മുഖം ദർശിച്ചത് പോലെ.’

‘കൊള്ളാലോ… കൂടെ ഒരു ഛായം തേച്ച ക്ടാവും. സംഭവം കിടുക്കീണ്ടട്രാ പത്തീ…’

‘ഒരു പഴത്തൊലി എടുത്തിട്ടാലോ?’

‘വേണ്ട, സാറാമ്മ അത്തരക്കാരിയല്ല.’

‘സാറാമ്മയ്ക്ക് സാറാമ്മയുടെതായ ആശയങ്ങളുണ്ട്, ആദർശമുണ്ട്, ചിന്തകളുണ്ട്, പാതയുണ്ട്, പാഥേയമുണ്ട്. കോപീ പേസ്റ്റിൽ ജീവിക്കുന്നവളല്ല.’

“ഇനിയും ചിലങ്ക കെട്ടാനാണോ പ്ലാൻ?” അമ്മച്ചയാണ്.

അമ്മച്ചിയോട് ദേശ്യം വന്നാലും ചിരിച്ചേ പറയൂ. പക്ഷെ അമ്മച്ചിക്കറിയാം അതിലെ ഭാഷാ ശുദ്ധി.

“സ്വകര്യം ഉണ്ടേ കെട്ടും”. ഞാൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.

“അതൊക്കെ പോട്ടെ, എന്താ നിന്റെ പ്ലാൻ”. ഞാൻ എന്നോട് തന്നെ ചോദിച്ചു.

“ടേ കൊച്ചെ… സംഭവം നീ എന്റെ മനസ്സൊക്കെ തന്നെയാണ്, പക്ഷെ തനിക്ക് ഇപ്പൊ ഇവിടെ വോയിസില്ല”

ഷെൽഫിനിടയിൽ നിന്ന് ഒരു പുസ്തകം മാടിവിളിക്കുന്നത് പോലെ… നല്ല പുറം ചട്ടയാണ്, ടൈറ്റിലും കാച്ചീവാണ്.

“ഇനി ഒരു നായിന്റെ മക്കളും ചിലക്കാൻ വരണ്ട. ആഖ്യാതവും, പദാവലിയും, വാക്യങ്ങളുടെ ഭാവമാറ്റങ്ങളേയും കുറിച്ചുമെല്ലാം സാറാമ്മ വിശദമായൊരു പത്രക്കുറിപ്പ് ഇറക്കുന്നുണ്ട്. തൽകാലം ഏവരും പിരിഞ്ഞു പോകണം.”

പുവപ്പും നീലയും കലർന്ന പുറം ചട്ട. അതിനിടിൽ ഒരു പിത്തനപെട്ടിയുടെ പടം ഉല്ലേഖനം ചെയ്തതായ് കാണാം. ഞാൻ പുസ്തകം കയ്യിലെടുത്തു.

‘പിത്തനപ്പെട്ടി…!!’

_____ കൽപകം ____

എ സ്ട്രിങിംഗ് എപിക്

എ സ്ട്രിങിംഗ് എപിക്

ശൈത്യകാലത്തിന്റെ പ്രാരംഭ ഘട്ടമാണ്.രണ്ട് കടലുകൾക്കിടയിലെ ഈ കൊച്ചു രാജ്യം വിറച്ചു തുടങ്ങിയിരിക്കുന്നു. യൂനീഫോമിട്ട ഫിലിപീനോ മങ്കമാരും ശീശയുടെ ഫഹം ഇടാനായ് ചുറ്റും നോക്കി കൊണ്ടിരിക്കുന്ന ശീശാ മാനും ജാകറ്റ് രണ്ടു കൈ കൊണ്ടും ഇരു ഭാഗത്തേക്കും വലിച്ചു പിടിച്ചിരിക്കുകയാണ്. അവൻ ഗോവണിയിലൂടെ കയറി വരുന്നത് കണ്ടപ്പോൾ തന്നെ മീന സൈഡ് ടേബിളിൽ നിന്നു വിളിച്ചു പറഞ്ഞു

“ദേശീ………. ഡെൻ”. ഡെൻ അവടെയുള്ളവർ ഇട്ട പേരാണ്.

ഒക്കെ എന്ന സ്വരത്തിൽ കാശിയർ ഓഡർ അടിച്ചു തുടങ്ങി ‘വണ് ശീശാ ഗ്രേപ് വിത്ത് മിന്റ് ലിറ്റിൽ മിന്റ് മോർ ഗ്രേപ്, വണ് അവകാഡോ ജൂസ്’.

കെ.ഒ.ട്ടി ഇരു കൗണ്ടറുകളിലേക്കും കിരി കിരി ശബ്ദവുമായ് വന്നെത്തി.

അവൻ തോളിൽ തൂക്കിയിട്ടിരിക്കുന്ന ഗിറ്റാർ സൈഡിലേക്ക് മാറ്റി വെച്ചു. ടേബിൾ നംബർ 23 അതാണ് പൊസിഷൻ. തൊട്ടടുത്ത ടേബിളുകളിൽ ഡോക്ടറും ഇന്റോ മങ്കമാരും ഇരിപ്പുറപ്പിച്ചിട്ടുണ്ട്.

“യാ…. സൈദ് ഐന കുൻത ബഅൾ അയ്യാം.” കുറച്ചു ദിവസം കാണാത്തതിന്റെ വിവരം അന്വേഷിച്ചു കൊണ്ട് ഡോക്ടറിന്റെ ചോദ്യം വന്നു.

“ഹബീബി കുൻതു രിഹ്ല ത്വവീല”.

രണ്ടാഴ്ചയായ് യൂറോപ് ടുറിലായിരുന്നു. ലാ മ്യൂസികിയുടെ നാല് ദിവസത്തെ പ്രോഗ്രാമിന്റെ ക്ഷീണം ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ട്.

ശീശ വന്നു.

കസീനോ ഗ്രൂപ്പ് ഇന്ന് നേരത്തെ അവരുടെ ടേബിളുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത സൈഡ് ടാബിളിൽ ഫിലിപ്പീനികളുടെ മാറിടത്തിലെ വിടവുകൾ നോക്കി ചുണ്ടുകൾ കടിച്ചു പിടിച്ചു ഹസനിരിപ്പുണ്ട്. വീതിയേറിയ ഹാളാണ്. കുഞ്ഞു കുഞ്ഞു വട്ട മേശകൾ. മുകളിൽ തരി വെളിച്ചത്തിൽ പല നിറത്തിലുള്ള ബൾബുകൾ മിന്നുകയാണ്. ഫ്രണ്ട് കൗണ്ടറും ലാപ് സ്ക്രീനും അവിടിവിടെയായ് മിന്നാമിനുങ്ങുകളെ പോലെ കാണുന്ന കൊച്ചു കൊച്ചു മൊബൈൽ സ്ക്രീനുകളിലേയും വെളിച്ചം മാത്രമെ അവിടെയുള്ളൂ. പാതി ഇരുട്ടാണ്. അതാണ് അതിന്റെ ഭംഗിയും.മുന്നിൽ 30 ft വൈഡ് സ്ക്രീനിൽ ഏതോ ഒരു ആക്ഷൻ പടം കളിച്ചു കൊണ്ടിരിക്കുകയാണ്. വെയ്റ്റ്ട്രസ് മീന ഡെന്നിന്റെ ടാബിളിനടുത്ത് വന്നു കുശലം പറഞ്ഞു തുടങ്ങി. എങ്ങും ശീശയുടെ വിവിധ ഇനം മാർസലുകൾ കൂടികലർന്ന പ്രത്യേക തരം വാസനയാണ്. ഇളം നീല നിറമുള്ള മാർദ്ധവമേറിയ തുണി വലിച്ചു കെട്ടിയ ഹോസ് അവൻ ചുണ്ടുകളിൽ വെച്ച് ആമാശയത്തിലേക്ക് ചൂട് കൊടുത്തു. വിറക്കുന്ന തണുപ്പിൽ ശീശയുടെ ചൂട് മേലാസകലം കുളിര് നൽകി. പിറകിലേക്ക് തല ചരിച്ചു മുകളിൽ കാണുന്ന നീല നിറത്തിലുള്ള എൽ ഇ ഡി ബൾബുകൾക്ക് കൂട്ടേകാൻ പുക മുകളിലേക്ക് പറത്തി വിട്ടു.

എല്ലാവരും ആത്മാവിനെ ചൂട് പിടിപ്പിക്കുന്ന തിരക്കിലാണ്. മുന്നിലുണ്ടായിരുന്ന അവ്കാഡോ ഒരു സ്ട്രിപ് കുടിച്ചു തല ഉയർത്തിയപ്പോൾ ലാപ്പിന്റെ സ്ക്രീനിൽ പ്രതിബിംബം എന്ന പോൽ ഒരു പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞിരിപ്പുണ്ട്.

“ഹേയ് മദാം”, മീന സെല്യൂട്ടേഷൻ നടത്തി.

“സെഹ്രാ………….” രണ്ടാഴ്ചയുടെ കാണാ കണ്ണുകൾ ആ വിളിയിൽ എല്ലാം പറഞ്ഞു.

“ഷീ റിയലി മിസ്ഡ് യൂ”. മീന അവനോട് തമാശയെന്നോണം പറഞ്ഞു.

“മിൻ……… ലാ ലാ മാഫി ശീശ”. സ്ഥിരം ഓഡർ പഞ്ച് ചെയ്യാനായ് കൌണ്ടറിലേക്ക് പോകാൻ തുനിഞ്ഞ മീനയെ തടുത്തു കൊണ്ട് സെഹ്ര മൊഴിഞ്ഞു.

“സൈദ് ലറ്റ്സ് ഗോ”, പത്ത് ബിഡി ടാബിളിൽ വെച്ച് അവർ ഇറങ്ങി.

യാത്ര അയപ്പാണ്, ഇനി കാണുമോ എന്ന് അറയില്ല.

സെഹ്ര നാളെ ലണ്ടലിലേക്ക് യാത്ര തിരിക്കുകയാണ്. ഇനിയുള്ള കാലം അവിടെ ആകും അവളുടെ ചിത്രപണികളൊക്കെ. ഛായം പൂശിയ കൈകൾ ഇനി ലണ്ടൻ നഗരത്തിലെ മെർക്കുറി ബൾബുകൾക്ക് കീഴെ ചിത്രം വരച്ചിടും.

“വാട്സ്യുർ പ്രോഗ്രാം”

“ഫ്ലാറ്റ്…… ഐ വിൽ ശോസ് യൂ”. കണ്ണുകൾ ഇറുക്കി അവൾ മറുപടി നൽകി.

ഏതോ ഭ്രാന്തൻ ചിന്തകള്‍ക്ക് തന്നെ ബലിയാടാക്കാനുള്ള പുറപ്പാടാണെന്ന് ആ ചിരി വിളിച്ചു പറയുന്നുണ്ട്.

മാനാമ സ്ട്രീറ്റിലെ സ്ലോഷ്ലേ ഫ്ലാറ്റിൽ എത്തുമ്പോൾ അർദ്ധരാത്രി പിന്നിട്ടിരുന്നു. മുറി മുഴുവൻ സെഹ്രയുടെ പെയ്ന്റിങ്ങുകളാണ്. മനോഹരമായ് അലങ്കരിച്ചു വെച്ച അകം. ഇരട്ട കട്ടിലിനു ചേർന്നുള്ള ചുവരിൽ കത്തി ആളുന്ന ഒരു ഗിറ്റാറും അതിനു പിറകിൽ നിന്നായ് ഓടി അടുക്കുന്ന സൈദിനേയും ത്രീഡി ഇഫക്റ്റ് പോലെ ഛായം പൂശി വെച്ചിരിക്കുകയാണ്. അതിനു മുകളിലായ് ഇങ്ങനെ കുറിച്ചിട്ടുണ്ട്.

“റ്റൂ മൈ റോക്ക്സ്റ്റാർ, സൈദ്”
“സെഹ്ര റൈഹാൻ”

“എന്താണ്?” ഒരു ചോദ്യമായ് അവന്റെ കണ്ണുകൾ അവളിലേക്കു പായിച്ചു.

“ഒരു ചിത്രം, നിന്റെ.
എ നൂഡ് പിക്”.

“വാട്ട്!!!” കണ്ണുകൾ പുറത്തേക്കു തള്ളി അവന്റെ വാക്കുകൾ വെളിയിലേക്കു വന്നു.

“യാ…. എവർ നവർ സീൻഡ് ഡ്രോയീംഗ് – എ സ്ട്രിങിംഗ് എപിക് എന്ന് ഞാനതിനെ വിളിക്കും”.
മൈക്കലാഞ്ചലോയുടെ ക്രിയേഷൻ ഓഫ് ആഡമിന്റെ സിംഗിൽ വേർഷൻ പോലൊരെണ്ണം.
പക്ഷെ ഇതു സെഹ്രയുടെ മാത്രം കയ്യൊപ്പ് പതിഞ്ഞ ചിത്രമായിരിക്കും.”

സ്വർണ്ണനിറമുള്ള ടവ്വൽ അവന്റെ പൊക്കിളിനും മുട്ടിനും ഇടയ്ക്കായ് നിവർത്തിയിട്ടു. തിളക്കുമുള്ള കിടക്ക വിരിപ്പും, കട്ടിലിനു അരികിലായ് അവൾ ചാരി നിർത്തിയ ഇലക്ട്രോണിക്ക് ഗിറ്റാറും എല്ലാം ചേർത്തൊരു മനോഹര ചിത്രമാകും, അവൻ മനസ്സിൽ ആ ചിത്രം വരച്ചിട്ടു.

അവൾ വര തുടങ്ങി. വലത് നിന്നു ഇടത്തേക്ക് വാർന്നിട്ട കറു കറുത്ത മുടി, നോക്കി നിന്നു പോകുന്ന വെള്ളാരം കണ്ണുകൾ, കട്ടിയുള്ള പുരികങ്ങൾ, വരച്ചിട്ടപോലെയുള്ള താടിയും ഒന്നരയിൽ ട്രിം ചെയ്ത പുരുഷത്വം വിളിച്ചോതുന്ന മീശ, വടിച്ചു കളഞ്ഞ നെഞ്ചിലെ രോമങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്, മുറതെറ്റാത്ത വ്യായാമത്തിലൂടെ മെനഞ്ഞെടുത്ത ശരീരം.

ബാക്ഗ്രൌണ്ടിൽ ഹിശാം അബ്ബാസിന്റെ ഹബീബീയ നേർത്ത ശബ്ദത്തിൽ കേൾക്കുന്നുണ്ട്. മൂലയ്ക്ക് ഇരുന്ന കുഞ്ഞു മേശയ്ക്കു മുകളിൽ ഊദ് പുകഞ്ഞ് പൊങ്ങുകയാണ്.

“സൈദ്……..,” അത്രയും നേരം സൂക്ഷമതയോടെ അവന്റെ ശരീരത്തിൽ ചലിച്ച അവളുടെ കണ്ണുകളിൽ പുഞ്ചിരിയുടെ സ്പർശം.

“കറക്റ്റ് റ്റൂ ഹവേഴ്സ്” ചുവരിൽ തൂക്കിയിട്ട ഘടികാരം നോക്കി അവൾ മൊഴിഞ്ഞു.

“ഞാനിറങ്ങുന്നു.” കാൻവാസ് ചുട്ടിപിടിച്ചു അവൾ എഴുന്നേറ്റു.

“സഹ്……….”

“നീ ഇത് കാണാൻ ലണ്ടനിൽ വരണം, അപ്പോൾ ഈ വൈശിഷ്ടമുള്ള ജീവൻ തുളുമ്പി നില്‍കുന്ന നിന്റെ ചിത്രം കണ്ടൊരു മുത്തം നൽകും, എന്റെ ചുണ്ടുകൾ കടിച്ചു പറിച്ചൊരു ചുടു ചുംബനം.”

“കാന്‍ യൂ പ്ലീസ് പ്ലേ ഫോര്‍ മീ ദി ഹൈതം ശാകിര്‍സ് അയ്യാമി ഇന്‍യുവാ ഗിറ്റാര്‍…..
എന്റെ കാർ ഗെയ്റ്റ് കടക്കുന്നത് വരെ കാതുകളിൽ ഗിറ്റാറിന്റെ ഈണം മുഴങ്ങി കൊണ്ടിരിക്കണം, ഓർമ്മകളെ തൊട്ടുണർത്തുമ്പോൾ ലണ്ടനിലെ സ്ട്രീറ്റുകളിൽ എനിക്കീ ഈണം കേൾക്കാൻ സാധിക്കും…..”

ചില്ലു ജാലകത്തിനു പിന്നിൽ നിന്നു ഇടതു കൈ ഗിത്താറിൽ മാന്ത്രികമായ് ചലിച്ചു കൊണ്ടിരുന്നു. ഇ-ക്ലാസ്സ് ബെൻസ് ഫ്ലാറ്റിന്റെ ഗേറ്റു കടന്നു ദൂരേക്കു മറയുന്നതും നോക്കി സ്ട്രിങ്ങുകൾ കൈകളിൽ നൃത്തമാടുന്നതിനനുസരിച്ച് അവന്റെ ചുണ്ടുകൾ പാടിത്തുടങ്ങി.

സെനിൻ വ അന ബഅ ലം അബ അ മഅക്…!!

___  കല്‍പകം ___

ഗങ്കോത്രിയിലെ നഗര വിളക്കുകൾ

wp-1482916480842.jpg

മാരുതി ടെന്റ് മൂന്നാമത്തെ ഗല്ലി. ഇലക്ട്രിക് പോസ്റ്റിന് മുകളിലെ നഗര വിളക്കുകൾ കണ്ണുകളടച്ച്, മാനത്തെ വിളക്കിനായ് വഴിമാറിയിക്കുകയാണ്. റോഡിന് ഇരുവശത്തും താഴത്തെ നിലകളിൽ പലതരം കടകളും മുകളിലെ നിലകൾ താമസക്കാർക്കുമാണ്. ഓരോ ബിൽഡിംഗിന്റെയും ബാൽക്കണിയിൽ അലക്കിയിട്ട തുണികളുടെ ഒരു നിര തന്നെ കാണാം. തെരുവു പട്ടികൾ തലങ്ങും വിലങ്ങും ഉലാത്തുന്നുണ്ട്. മേനഘ ഗാന്ധിയുടെ നാടല്ലെങ്കിലും ഞങ്ങൾക്കിവിടെ ഇത്തിരി പിടിവാടൊക്കെയുണ്ട് എന്ന നിലയിലാണ് അവറ്റകളുടെ നടത്തം. പാതയുടെ മധ്യത്തിലായ് അവളും അവളുടെ കുഞ്ഞു ശ്രീയും നടക്കുകയാണ്. നടത്തത്തിൽ ആ കുഞ്ഞ് പല ഗോഷ്ടികളും കാണിക്കുന്നുണ്ട്.

“മ്മാ…സൂജാപന്റെ കാദ് “(അമ്മേ സുരജപ്പന്റെ കാറ്). കടന്നു പോയ കാറിനെ ചൂണ്ടി കുഞ്ഞു ശ്രീ പ്രായത്തിനനുസൃതമായ് മൊഴിയാൻ കഴിയാത്ത ഭാഷയിൽ പറഞ്ഞു.

“ശ്രീ… അടങ്ങി നിൽക്ക്”. ദേഷ്യത്താൽ അവൾ കുഞ്ഞിനെ സൈഡിലേക്ക് വലിച്ചു.

“മ്മാ, ത്രി ദുപായ് പോഗും, സൂജാപനും അമ്മാമേം അപാപേം ത്രീയും ദുപായ് പോഗും. മ്മാനെ കുതാന്ത് പോഗും…..”

“അമ്മയെ കൂട്ടേണ്ട, നിങ്ങൾ ചെല്ല്”.

അവളുടെ മനസ്സ് നൂറ് കൂട്ടം പ്രശ്നങ്ങളിൽ ഉരുണ്ട് മറിയുകയാണ്. അപ്പച്ചൻ ഇന്നലെ വിളിച്ചിരുന്നു, മൂത്തമ്മടെ മകളുടെ കല്ല്യാണത്തിന് വരണില്ലേന്ന്?

“മ്ം, നോക്കട്ടെ ഇവിടെ ക്ലാസ്സിന്റെ ഇത്തിരി പ്രശ്നങ്ങളുണ്ട്”.

“അതിനെന്താ പത്ത് ദിവസം ദസറയുടെ ലീവായിരിക്കില്ലേ, വന്നില്ലേ എല്ലാരും ഓരോന്ന് പറയും.”

‘അവന്മാരുടെ തന്ത വന്ന് പഠിപ്പിച്ച് കൊടുക്കുമോ’ എന്ന് ചോദിക്കാനായ് നാവിൻ തുമ്പ് വരെ എത്തിയിരുന്നു, ഉള്ളിലെ ദുഃഖം കടിച്ചമർത്തി അവൾ പറഞ്ഞു.
“അപ്പച്ചാ… നിങ്ങൾക്കറിയാലോ ഇവിടുത്തെ കാര്യങ്ങൾ. അവിടെ വന്നാൽ കല്ല്യാണത്തിന്റെ തിരക്കുകൾക്കിടയിൽ മോളെ പഠിപ്പിക്കാനോ പഠിക്കാൻ അവളെയോ കിട്ടില്ല. തിരിച്ചു വന്നാൽ ഞാൻ തലകുത്തി മറിയേണ്ടി വരും. ഇതിങ്ങനെ കണ്ടിന്യൂ ചെയ്താ പെട്ടെന്ന് ശരിയാക്കിയെടുക്കാം..”

“എനിക്കറിയാം പാറൂ നിന്റെ വിഷമങ്ങൾ, പക്ഷെ ഇവർക്ക് മനസ്സിലാകണ്ടേ…. സാരമില്ല, ഞാനവരെ എന്തെങ്കിലും പറഞ്ഞ് തൃപ്തിപ്പെടുത്തിക്കോളാം…”

ഇത് പാർവ്വതി, മാനസാ ഗങ്കോത്രി സിഗ്നലിൽ തളരില്ലൊരിക്കലുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് നിലത്ത് നിൽകാതെ പിടച്ചു കളിക്കുന്ന കുഞ്ഞു കൈകളെ പിടിച്ചു നിർത്താൻ പാടുപെടുന്ന നൂറായിരം അമ്മമാരിൽ ഒരുവൾ. അവളുടെ ഭർത്താവ് സൂരജ്, ദുബായിൽ ഒരു ബെൻസ് ഷോറൂമിൽ മാർക്കറ്റീംഗ് ഹെഡായ് ജോലി ചെയ്യുന്നു. പാർവ്വതിയുടെ കൈകളിൽ തൂങ്ങി ഗോഷ്ടി കളിക്കുന്ന അവളുടെ മകൾ ശ്രീലക്ഷ്മി, മൂന്നര വയസ്സ് പ്രായം. ജന്മനാ കേൾവിക്കുറവുണ്ടെന്ന് കണ്ടെത്താൻ വൈകി പോയതിനാൽ സംസാരിച്ചു പഠിക്കാതെ പോയവൾ. വൈകിയാണ് അവർ ഈ കാര്യം അറിഞ്ഞത്, ഇത്തിരി കൂടെ വ്യക്തമാക്കി പറഞ്ഞാൽ ടെസ്റ്റുകളുടെ ഘോഷയാത്രകളും അതിനോടനുബന്ധിച്ചു വരുന്ന റിസൾട്ടുകളും വർഷങ്ങൾ കഴിഞ്ഞു പോകാൻ സഹാകരമാക്കിയെന്ന് ഈർഷ്യത്താൽ മൊഴിഞ്ഞിടാം. ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പറിച്ചു നട്ടിട്ട് എട്ട് മാസത്തോളമായ്.

ഓൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്, ഇവിടെ പകുതിയിലേറെയും മലയാളികളാണ്. ഹിയിംഗ് ഐഡ് വെച്ച് പറഞ്ഞു പഠിപ്പിക്കുക, അതാണ് അവിടെ നടത്തപ്പെടുന്നത്. ഓരോ പ്രായത്തിലും പഠിക്കേണ്ട ചില കാര്യങ്ങളുണ്ട് അത് അപ്പപ്പോൾ പഠിച്ചിട്ടില്ലെങ്കിൽ പഠിക്കലും പഠിപ്പിക്കലും പ്രയാസമേറിയതാണെന്ന് അവിടെ പോയവർക്കറിയാം. കേൾവി ശക്തി ഇല്ലാത്ത കാരണത്താൽ സംസാരിക്കാൻ വൈകിപോയ, കൈകാലുകൾക്ക് ശേഷിയില്ലാത്ത, ഓട്ടിയം ബാധിച്ച കുഞ്ഞുങ്ങൾ ഇങ്ങനെ പല ഭിന്ന ശേഷിയുള്ള കുഞ്ഞുജന്മങ്ങളും കൊണ്ട് വരികയാണ് ഓരോ അമ്മമാരും.

“പാറൂ…”. വിളികേട്ട് അവൾ തിരിഞ്ഞു നോക്കി, ശഹീറയാണ്.
“ശ്രീ … ദീല്ലൂന് ഒരു ഹായ് പറഞ്ഞേ..” പാർവ്വതി മകളോട് പറഞ്ഞു.
“ദില്ലൂ…. ശ്രീ എവിടെ പോകുന്നു എന്ന് ചോദിക്ക്.” ശഹീറ തന്റെ മകനോട് മൊഴിഞ്ഞു.
കണ്ടു മുട്ടുന്ന ഓരോ സുഹൃത്തുകളുടേയും അവസ്ഥ ഇത് തന്നെയാകും. തന്റെ കുഞ്ഞിനെ പറഞ്ഞു പഠിപ്പിക്കുകയാണവർ. അതെ, അങ്ങനെ പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ട്, പലരും നാലു വയസ്സായിട്ടുണ്ടെങ്കിലും മുന്നു വയസ്സിലെ സംസാരമാകും. അവിടെ കാണപ്പെടുന്ന ഒരു വയസ്സിലെ വിടവ് ഈ അമ്മമാരുടെ പരിശ്രമ ഫലമായ് കരകതമാക്കേണ്ടതുണ്ട്.

“ശഹീ….. റസിയ ടീച്ചറുടെ അടുത്തേക്കാണാ..”
“മ്ം, നിക്കെപ്പൊഴാ ക്ലാസ്സ്.”
“ഇന്ന് അഞ്ച് മണിക്കാണ്.”
റസിയ ടീച്ചറും വർഷങ്ങൾക്കു മുമ്പ് ഇതു പോലെ കുഞ്ഞിനേയും കൊണ്ട് മൈസൂരിലേക്ക് കുടിയേറിയതാണ്, ഇന്ന് അവിടെ സ്ഥിര താമസമാക്കി ഇതു പോലുള്ള കുട്ടികൾക്ക് ട്യൂഷനുകൾ എടുക്കുന്നു.

അവരുടെ സംഭാഷണങ്ങളെല്ലാം ഇതുപോലിരിക്കും, ഏഷണിയും പരദൂഷണങ്ങളും പറയാൻ എവിടെ നേരം, ആ സമയം കൊണ്ട് കുഞ്ഞിന് പുതിയൊരു വാക്ക് പഠിപ്പിച്ചു കൊടുക്കണം…

മലബാർ റസ്റ്റോറന്റിനു മുകളിലെ വായനാശാലയിൽ നിന്ന് വൈകുന്നേരങ്ങളിൽ ഓരോ ജന്മങ്ങളെയും ഞാൻ വീക്ഷിക്കാറുണ്ട്. മാനസ ഗങ്കോത്രി റോഡിലൂടെ തിളക്കുന്ന സൂര്യനു കീഴെ കുട ചൂടി ഒരു കയ്യിൽ കുഞ്ഞിനേയും മറു കയ്യിൽ കുട്ടി ബാഗുമായ് നടക്കുന്ന ഓരോ സ്ത്രീ ജന്മങ്ങളും ഓരോ കഥകളാണ്, സ്വന്തം സ്വപ്നങ്ങൾ പാതിയിൽ ഉപേക്ഷിച്ച് മക്കൾക്കായ് കിനാക്കൾ നെയ്യുന്ന വിശ്വ വിഖ്യാതമായ ഇതിഹാസങ്ങൾ, തോറ്റുകൊടുക്കേണ്ടതല്ല ജീവിതമെന്ന് പഠിപ്പിക്കുന്ന വരും കാല ചരിത്രങ്ങൾ, പരിഭവങ്ങൾക്കും പരാതീനതകൾക്കും ഇടയിൽ മുഖത്ത് നിഴലിക്കുന്ന ചില ചിരികൾ. അവരാൽ മാത്രം വ്യാഖ്യാനിക്കപ്പെടാവുന്ന അർത്ഥങ്ങൾ ഒളുപ്പിച്ച ചില ചിരികൾ, നമുക്ക് അർത്ഥം മനസ്സിലാകാത്ത കുറെ വാക്കുകളും വാക്യങ്ങളും !!!

_____ കല്‍പകം _____